ഇൻഡോർ: റെസിഡൻഷ്യൽ കോംപ്ലക്സിൽ പെന്റ്ഹൗസ് വാടകക്ക് കൊടുക്കുന്നതിനെച്ചൊല്ലി താമസക്കാരുമായുണ്ടായ തർക്കത്തിനിടെ വനിതാ ടെക്കിയെ കാറിടിപ്പിച്ച് കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഷാംപ പഥക് പാണ്ഡെ എന്ന 38കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കെട്ടിടം ഉടമയെയും മകനെയും പൊലീസ് അറസ്റ്റ്ചെയ്തു. ഏഴുനില റെസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽ പെന്റ്ഹൗസ് സജ്ജീകരിക്കുകയും ഇത് ഓൺലൈൻ പ്ലാറ്റ്ഫോം വഴി വാടകക്ക് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ഇവിടുത്തെ താമസക്കാർ ഉടമയായ കുൽദീപ് ചൗധരിയോട് പരാതിപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയായിരുന്നു താമസക്കാർ പെന്‍റ്ഹൗസിനെ എതിർത്തത്. കഴിഞ്ഞ ഞായറാഴ്ചയും ഇക്കാര്യം ഉന്നയിച്ച് താമസക്കാർ കെട്ടിട ഉടമയെ കണ്ടിരുന്നു.
എന്നാൽ, ബുധനാഴ്ച വീണ്ടും പെന്റ്ഹൗസ് വാടകക്ക് കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് പെന്റ്ഹൗസിലെക്കുള്ള വൈദ്യുതി താമസക്കാർ വിച്ഛേദിച്ചു. ഇതിന്‍റെ പ്രതികാരമായി, ചൗധരി എല്ലാ താമസക്കാരുടെയും വൈദ്യുതി വിച്ഛേദിച്ചു. ഇത് വാക്കുതർക്കത്തിനു കാരണമാക്കി. ഇതോടെ കുൽദീപ് ചൗധരി തന്റെ മകൻ മോനിഷിനെ വിളിച്ചുവരുത്തുകയും അയാൾ പാർക്കിങ് ഏരിയയിൽ കൂടിനിൽക്കുന്നവർക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റുകയുമായിരുന്നു. യുവാവ് അപകടരമായി കാർ വട്ടമിട്ട് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഷാംപ പാണ്ഡെയെ ഇടിച്ചുവീഴ്ത്തി അവരുടെ ദേഹത്തിലൂടെ വീണ്ടും കാർകയറ്റിയിറക്കിയതായും താമസക്കാർ പറഞ്ഞു.സംഭവത്തിന്റെ വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കുടുംബം അടുത്തിടെയാണ് കെട്ടിടത്തിലേക്ക് താമസം മാറിയെതെന്നും ബഹളം കേട്ട് തങ്ങൾ പാർക്കിങ് ഏരിയയിലേക്ക് പോയതായിരുന്നുവെന്നും പാണ്ഡെയുടെ ഭർത്താവ് സൗരഭ് പാണ്ഡെ പറഞ്ഞു. പ്രശ്നത്തിനിടെ പ്രതി തന്റെ ഭാര്യയെയും വീട്ടുജോലിക്കാരനെയും ഇടിച്ചിട്ടു. അവൻ തന്നെയും ഇടിക്കാൻ ശ്രമിച്ചു, പക്ഷേ താൻ രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.