മുംബൈ: മുതിർന്ന പൗരൻമാർക്ക് വാക്സിൻ നൽകുന്നതിന് ചുമതലയുള്ള സിവിൽ ഉദ്യോഗസ്ഥ ചമഞ്ഞ് വീട്ടിലെത്തിയശേഷം വേയാധികയെ കത്തിമുനയിൽ നിർത്തി 3.10ലക്ഷം കവർന്നു. വോർളി സ്വദേശിയായ 74കാരിയിൽനിന്നാണ് പണവും സ്വർണവും കവർന്നത്.
മകനും മരുമകളും ജോലിക്ക് പോയിരുന്നതിനാൽ 74കാരിയായ സ്വാതി പട്ടീലും കൊച്ചുമകനും മാത്രമായിരുന്നു വീട്ടിൽ. ഉച്ച 12 മണിയോടെ സിവിൽ ഉദ്യേഗസ്ഥയെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വീട്ടിലെത്തുകയായിരുന്നു. സ്വാതി പട്ടീൽ കോവിഡ് വാക്സിൻ സ്വീകരിച്ചതാണോയെന്ന് ആരാഞ്ഞശേഷം ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനകത്ത് പ്രവേശിക്കുകയായിരുന്നു.
വീട്ടിനകത്ത് പ്രവേശിച്ചതോടെ യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ പോകാൻ തിരിഞ്ഞതോടെ സ്ത്രീ വയോധികയുടെ കഴുത്തിൽ കത്തി വെക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു. പിന്നീട് വയോധികയെയും കൊച്ചുമകനെയും കെട്ടിയിട്ട ശേഷം സ്ഥലം വിടുകയായിരുന്നു.
പിന്നീട് സ്വാതി പട്ടീൽ ജനാലക്ക് സമീപത്തെ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. വഴിയാത്രക്കാരിലൊരാൾ കാണുകയും ഇരുവരെയും കെട്ടഴിച്ച് വിടുകയും ചെയ്തു. തുടർന്ന് കുടുംബം ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുടുംബത്തെക്കുറിച്ച് നന്നായി അറിയാവുന്നയാളാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. വയോധികയും കൊച്ചുമകനും മാത്രമേ വീട്ടിലുണ്ടാകാറുള്ളുവെന്ന് മനസിലാക്കിയ ശേഷമാണ് അവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.