'ഇൻഡ്യ' മുന്നണി യോഗത്തിൽ പങ്കെടുത്ത് ടി.വി.കെ; തെരഞ്ഞെടുപ്പ് കമീഷനെതിരെ യോജിച്ച് പോരാടും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ആദ്യമായി ഇൻഡ്യ മുന്നണി യോഗത്തിൽ പങ്കെടുത്തു. ചെന്നൈ സത്യമൂർത്തി ഭവനിൽ ചേർന്ന യോഗത്തിൽ ടി.വി.കെയുടെ സാന്നിധ്യം ഇൻഡ്യ മുന്നണിക്ക് 'ചരിത്രദിവസ'മാണെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാണിക്കം ടാഗോർ പ്രതികരിച്ചു. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടത്തിൽ ടി.വി.കെയുടെ കടന്നുവരവ് മുന്നണിക്ക് വലിയ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡൽഹിയിൽ നടന്ന യോഗത്തിൽ ടി.വി.കെ പങ്കെടുത്തിരുന്നില്ല.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യോഗത്തിലെ പ്രധാന തീരുമാനം. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും താത്പര്യങ്ങൾക്ക് വഴങ്ങുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒക്ടോബർ 13, 14, 15 തീയതികളിൽ ജില്ലാതലങ്ങളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ഒക്ടോബർ 15-ന് ചെന്നൈയിൽ നടക്കുന്ന സംയുക്ത പ്രക്ഷോഭത്തിൽ ഇൻഡ്യ മുന്നണിയിലെ ഏഴ് പാർട്ടികളും അണിനിരക്കും.

ടി.വി.കെയെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ആധവ് അർജുന, മരിയ വിൽസൺ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ്, ടി.വി.കെ എന്നിവയ്ക്ക് പുറമെ സി.പി.എം, സി.പി.ഐ, വി.സി.കെ, എം.ഡി.എം.കെ, മുസ്‌ലിം ലീഗ് എന്നീ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, മുസ്‌ലിം ലീഗ് പാർട്ടികളെ ഉൾപ്പെടുത്തി വിജയ് സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി മുന്നണി പ്രഖ്യാപിച്ചിരുന്നു. ഈ സഖ്യത്തിന്റെ വിശാല രൂപമാണ് ഇൻഡ്യ മുന്നണിയെന്നും, സാങ്കേതികമായി തങ്ങൾ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെന്നും ടി.വി.കെ ദേശീയ വക്താവ് ഫെലിക്‌സ് ജെറാൾഡ് പ്രതികരിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ടി.വി.കെയും ഡി.എം.കെയും ഒന്നിക്കണമെന്നും പ്രതിഷേധങ്ങൾക്ക് ആര് മുന്നിട്ടിറങ്ങിയാലും സ്വാഗതം ചെയ്യുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡിയൻ പറഞ്ഞു.

Tags:    
News Summary - TVK Joins INDIA Bloc; Joint Protest Against Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.