ജയറാം രമേശ്
ഇ.സി.ഐ.നെറ്റ് പോർട്ടൽ നിയന്ത്രണം പ്രധാനമന്ത്രിയുടെ അറിവോടെ; പരാതി ഡി.ഒ.പി.ടിയിൽ എത്തിയിരുന്നുവെന്ന് ജയറാം രമേശ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.സി.ഐ.നെറ്റ് വോട്ടർപട്ടിക പോർട്ടലിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരങ്ങളും പ്രവേശനവും വെട്ടിച്ചുരുക്കിയ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ട് ആരോപണവുമായി കോൺഗ്രസ്. ഇലക്ഷൻ കമ്മീഷനിലെ ഐ.ടി വിഭാഗവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ ഗുരുതരമായ പരാതി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പിൽ എത്തിയിരുന്നുവെന്നും, വിവാദ തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ അറിവോടും നിർദ്ദേശത്തോടും കൂടിയാണ് നടന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ കഴിഞ്ഞ ജൂലൈയിൽ കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനിൽ സുപ്രധാന പദവിയിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ചാണ് ജയറാം രമേശ് രംഗത്തെത്തിയത്. നടപടിയെടുക്കുന്നതിന് പകരം, വിവാദ ഐ.ടി വിഭാഗത്തിന്റെ മേൽനോട്ട ചുമതല തന്നെ ഈ ഉദ്യോഗസ്ഥന് നൽകുകയാണുണ്ടായതെന്ന് അദ്ദേഹം 'എക്സി'ൽ കുറിച്ചു.
വോട്ടർപട്ടിക തിരുത്താനുള്ള അധികാരം കവർന്നു; സുതാര്യത തകർത്തെന്ന് ആരോപണം
ഐ.ടി വിഭാഗത്തിന്റെ മേൽനോട്ടം നീക്കം ചെയ്തുകൊണ്ട് വിവാദ ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയതിന് പിന്നാലെയാണ് രണ്ട് കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയത്. മതിയായ സുതാര്യതയില്ലാതെ ഐ.ടി വിഭാഗം പ്രവർത്തിക്കാൻ ഇത് ഇടയാക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആഗസ്റ്റ് മുതൽ ഈ ഉദ്യോഗസ്ഥന് തന്നെയാണ് ഐ.ടി വിഭാഗത്തിന്റെ പൂർണ മേൽനോട്ട ചുമതല നൽകിയിട്ടുള്ളതെന്നും, ഇത് സെപ്റ്റംബർ 26-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും ജയറാം രമേശ് ആരോപിച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനുമുള്ള ഇ.ആർ.ഒമാരുടെ നിയമപരമായ അധികാരങ്ങളെ മറികടന്നുകൊണ്ട് ഐ.ടി വിഭാഗം ഇ.സി.ഐ.നെറ്റ് പോർട്ടലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലായിരുന്നു കമ്മീഷണർമാരുടെ പ്രധാന എതിർപ്പ്.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കീഴിലുള്ള കമ്മീഷന്റെ പ്രവർത്തനങ്ങളെ കോൺഗ്രസ് നിരന്തരം വിമർശിക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഭിന്നതകൾ സ്വാഭാവികമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ പുറപ്പെടുവിച്ച തീരുമാനങ്ങൾക്കും ഉത്തരവുകൾക്കുമെതിരെ സന്ധുവും ജോഷിയും കുറഞ്ഞത് 14 തവണയെങ്കിലും ഫയലുകളിൽ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഏതൊരു ഭരണഘടനാ സ്ഥാപനത്തിലും വ്യത്യസ്ത നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ എല്ലാ ഉത്തരവുകൾക്കും പൂർണമായ നിയമസാധുതയുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് അവ പുറപ്പെടുവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.