അത്​ അറപ്പുളവാക്കുന്നതും വികൃതവുമാണ്​; സ്റ്റാലിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ ധാരാപുരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ നടത്തിയ പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തി. ഭരണകക്ഷിയായ ടിവികെയുടെ (താമിഴക വെട്രി കഴകം) ധാരാപുരം സ്ഥാനാർഥി സത്യഭാമയെക്കുറിച്ചുള്ള സ്റ്റാലിന്റെ പരാമർശം ‘അറപ്പുളവാക്കുന്നതും വികൃതവുമാണ്’ എന്ന് വിശേഷിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് രംഗത്തെത്തി.

ധാരാപുരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എംകെ സ്റ്റാലിൻ ടിവികെ സ്ഥാനാർഥി സത്യഭാമക്കെതിരെ വിമർശനമുന്നയിച്ചത്. മുമ്പ്​ അണ്ണാഡി.എം.കെ സ്ഥാനാർഥിയായി ധാരാപുരത്തുനിന്ന് വിജയിക്കുകയും, പിന്നീട് എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേരുകയും ചെയ്ത സത്യഭാമ ഇപ്പോൾ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുകയാണ്.

‘സത്യത്തിന് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ച ഇവരുടെ സ്ഥാനാർഥിയെ ജനങ്ങൾ ഇപ്പോൾ ‘സ്യൂട്ട്‌കേസ് ഭാമ’ എന്നാണ് വിളിക്കുന്നത്. ‘സമേഴ്സാൾട്ട് ഭാമ’ എന്നൊരു പേരും കൂടി അവർക്കുണ്ട്. ആ ശരീരപ്രകൃതിയോടെ അവർ എങ്ങനെയാണ് മറിഞ്ഞതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നായിരുന്നു സ്റ്റാലിന്റെ പരാമർശം.

സ്ത്രീയുടെ ശരീരപ്രകൃതിയെ പരാമർശിച്ചുള്ള ഈ പ്രസ്താവന ദലിത് വിഭാഗത്തിൽപ്പെട്ട വനിതാ സ്ഥാനാർഥിയെ അപമാനിക്കുന്നതും ബോഡി ഷെയിമിങ് നടത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷി കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നു.

സ്റ്റാലിന്റെ പരാമർശത്തിനെതിരെ എക്സ് പോസ്റ്റിലൂടെയും പ്രസ്താവനയിലൂടെയും മുഖ്യമന്ത്രി വിജയ് കടുത്ത അമർഷം രേഖപ്പെടുത്തി.

ധാരാപുരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മറവിൽ ഡി.എം.കെ എന്ന തിന്മയുടെ ശക്തിയുടെ നേതാവ് അങ്ങേയറ്റം അപലപനീയവും നാഗരികതയില്ലാത്തതുമായ ഒരു യോഗമാണ് സംഘടിപ്പിച്ചതെന്ന് വിജയ് കുറ്റപ്പെടുത്തി.ചതങ്ങളുടെ ധാരാപുരം സ്ഥാനാർഥി സത്യഭാമയെ പരിഹസിച്ചും വികൃതമായ രീതിയിൽ സംസാരിച്ചും സ്റ്റാലിൻ വികൃതമായ ആനന്ദം കണ്ടെത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കെതിരെ അസഭ്യമായ ഭാഷയിൽ സംസാരിക്കുന്നതിൽ വിദഗ്ധരായ ഡിഎംകെ, അതും സ്ത്രീകൾ തൊട്ടടുത്തിരുന്ന് കേൾക്കെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇതിന് തമിഴ്നാട്ടിലെ ജനങ്ങളും ധാരാപുരത്തെ ജനങ്ങളും തക്കതായ മറുപടി നൽകുമെന്നും വിജയ് വ്യക്തമാക്കി.

‘തമിഴ്നാട്ടിലെ സ്ത്രീകളുടെ മകനായും സഹോദരനായും ഇളയ സഹോദരനായും നിന്നുകൊണ്ട്, സ്ത്രീകൾക്കെതിരെ നിരന്തരം അസഭ്യം പറയുന്ന ഡിഎംകെ എന്ന ഈ തിന്മയുടെ ശക്തിക്കെതിരെ എന്‍റെ ഏറ്റവും ശക്തമായ എതിർപ്പ് ഞാൻ രേഖപ്പെടുത്തുന്നു’ എന്ന് പറഞ്ഞാണ് വിജയ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

ടിവികെ നേതാവും ആരോഗ്യ മന്ത്രിയുമായ അരുൺ രാജ്, സ്റ്റാലിന്റെ പ്രസ്താവന സ്ത്രീകൾക്കും ദലിത് സമൂഹത്തിനും എതിരെയുള്ള വലിയ അപമാനമാണെന്ന് വ്യക്തമാക്കി. ഡിഎംകെ അധ്യക്ഷൻ ഇതിന് മാപ്പ് പറയണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ടിവികെ ഭരണത്തിലെത്തിയിരിക്കുന്നത് കുതിരക്കച്ചവടത്തിലൂടെയും അണ്ണാഡിഎംകെയിൽ പിളർപ്പുണ്ടാക്കിയുമാണെന്നായിരുന്നു സ്റ്റാലിന്റെ പ്രധാന ആരോപണം.എന്നാൽ ഈ ആരോപണങ്ങൾ ടിവികെ പൂർണമായി തള്ളിക്കളഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് രാജിവെച്ച് മറ്റൊരു പാർട്ടിയിൽ ചേരാൻ ആന്റി ഡിഫെക്ഷൻ നിയമപ്രകാരം തടസ്സമില്ലെന്നും, ഇത് അവരുടെ അവകാശമാണെന്നുമാണ് ടിവികെയുടെ വാദം.

Tags:    
News Summary - CM Vijay slams Stalin's remark as disgusting and perverted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.