ലഖ്നോ: ഇന്ത്യയിൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ദിവസങ്ങളായി. വാക്സിൻ ലഭിക്കുന്നതിനായി കോവിൻ വെബ്സൈറ്റ്, ആരോഗ്യസേതു ആപ് അല്ലെങ്കിൽ ഉമങ് ആപ് വഴി രജിസ്റ്റർ ചെയ്യണം. നേരിട്ട് പോയി വാക്സിനെടുക്കാൻ കഴിയുന്ന സാഹചര്യം നിലവിലില്ല. ഇത് ഇന്ത്യയിലെ ഗ്രാമങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൊബൈൽ ഫോണും ഇൻറർനെറ്റും ഇല്ലാത്തതിനാൽ യു.പിയിലെ ഗ്രാമങ്ങളിലുള്ളവർക്ക് വാക്സിനായി ഇനിയും രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
വാരണാസിയിലെ ഉൾപ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലെ സ്ഥിതിയാണ് ഇന്ത്യ ടുഡേ റിപ്പോർട്ടിലുള്ളത്. മൊബൈൽ ഫോണും ഇൻറർനെറ്റും കാര്യമായി ലഭ്യമല്ലാത്ത ഇവിടെ ഭൂരിപക്ഷം ആളുകളും വാക്സിനായി രജിസ്റ്റർ ചെയ്തിട്ടില്ല. വാക്സിനായി എങ്ങനെ രജിസ്റ്റർ ചെയ്യണമെന്നതിനെ കുറിച്ച് അറിവില്ലാത്തതും യു.പിയിലെ ഗ്രാമങ്ങളിൽ പ്രശ്നമാവുന്നുണ്ട്.
യു.പിയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളിൽ ഭൂരിപക്ഷം പേർക്കും സ്മാർട്ട്ഫോണില്ല. ബേസിക് ഫോണുകളാണ് ഇവരുടെ കൈവശമുള്ളത്. ഇതിനും സിഗ്നൽ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇലക്ട്രിസിറ്റി തന്നെ ഈയടുത്താണ് ഇത്തരം ഗ്രാമങ്ങളിലേക്ക് എത്തിയത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളേയും ഗുരുതരമായി ബാധിക്കുന്നതിനിടെ എത്രയും പെട്ടെന്ന് യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിലുള്ളവർക്ക് വാക്സിൻ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.