അഹമ്മദാബാദ്: അഹ്മദാബാദ് വിമാനദുരന്തം ജനങ്ങളുടെ മനസിൽ തീരോനോവായ അവശേഷിക്കുമ്പോഴും ചർച്ചയായി മാറിയിരിക്കുകയാണ് വിമാനത്തിലെ 11 എ സീറ്റ്. അഹ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെ തീ ഗോളമായി ഭൂമിയിലേക്ക് പതിച്ച വിമാനത്തിൽ ആരും രക്ഷപ്പെട്ടില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് തകർന്നുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഓടിവന്ന ഇന്ത്യൻ വംശജനായ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ ദുരന്തവാര്‍ത്തകൾക്കിടയിൽ ഒരു ആശ്വാസമായിരുന്നു. 11 എ സീറ്റിലാണ് വിശ്വാസ് കുമാർ ഇരുന്നിരുന്നത് എന്നതിനാലാണ് ഈ സീറ്റ് ചർച്ചയാകുന്നത്.
വിശ്വാസ് കുമാർ രക്ഷപ്പെട്ടെങ്കിലും യാത്രക്കാരിൽ ഭൂരിഭാഗം പേരും വെറുക്കുന്നൊരു സീറ്റാണ് 11എ. ബോയിങ് 737 വിമാനങ്ങളിൽ യാത്രചെയ്യുന്നവർ ഒട്ടുമിക്കപ്പോഴും ഒഴിവാക്കുന്ന സീറ്റാണിത്. കാരണം, വിൻഡോ ഇല്ലാത്ത വിൻഡോ സീറ്റ് എന്നാണ് ഈ സീറ്റ് അറിയപ്പെടുന്നത്. എസിയുടെ പൈപ്പുകളും മറ്റുമുള്ളതിനാൽ ജനൽ തുറക്കാൻ നിർവാഹമില്ല. അതിനാൽ പുറത്തെ കാഴ്ചകളൊന്നും കാണാൻ കഴിയില്ല. യാത്രക്കാർ പരാതി ഉന്നയിച്ച സംഭവങ്ങളും മുൻപുണ്ടായിട്ടുണ്ട്.
എങ്ങനെയാണ് യാത്രക്കാർ വെറുക്കപ്പെട്ടൊരു സീറ്റ് ഭാഗ്യ സീറ്റായി മാറിയത് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. വിമാനങ്ങളിലെ ഏറ്റവും സുരക്ഷിതമായ സീറ്റാണോ 11 എ സീറ്റ്? 241 പേർ മരണപ്പെട്ടപ്പോഴും ആ ഒരാൾ മാത്രം രക്ഷപ്പെട്ടതിന് പിന്നിൽ ആ സീറ്റിന് എന്തെങ്കിലും പങ്കുണ്ടോ? എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കൂലങ്കുഷമായ ചർച്ചകളിലാണ് നടക്കുന്നത്.
പക്ഷെ അങ്ങനെ സുരക്ഷിത സീറ്റ് എന്ന് പറയാവുന്ന ഒന്നും തന്നെ വിമാനങ്ങളിൽ ഇല്ലെന്നാണ് വ്യോമയാന വിദഗ്ധർ പറയുന്നത്. ഓരോ അപകടങ്ങളും സംഭവിക്കുന്നതിനുള്ള കാരണങ്ങൾ വ്യത്യസ്തങ്ങളാണ്. അതിനാൽ സീറ്റ് ക്രമീകരണം നോക്കി അപകടത്തെ അതിജീവിക്കാൻ കഴിയില്ലെന്നാണ് ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡയറക്ടറായ മിച്ചൽ ഫോക്‌സിന്‍റെ അഭിപ്രായം.
വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. അപകടത്തിൽ വിശ്വാസിന്റെ സഹോദരനുൾപ്പെടെ 241 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 274 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനം ഇടിച്ചിറങ്ങിയ ബി.ജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. വിമാനത്തിലുള്ള 241 പേർ മരിച്ചപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതിനെ അത്യദ്ഭുതം എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാൽ 11എ മിറക്കിൾ സീറ്റ് എന്നും അറിയപ്പെടുന്നുണ്ട്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.