ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട സമരത്തിലൂടെ, ധാർഷ്ഠ്യക്കാരായ മോദി സർക്കാരിനെ മുട്ടുകുത്തിച്ച, ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോമായ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും? സംഘടനാ പിൻബലവും ആൾബലവും വേണ്ടുവോളമുള്ള പാർട്ടികൾ വർഷങ്ങളോളം ശ്രമിച്ചിട്ടും കഴിയാതിരുന്നത് സാമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ച പാറ്റക്കൂട്ടത്തിന് ഒരു മാസം കൊണ്ട് നേടിയെടുക്കാൻ കഴിയുന്നുവെങ്കിൽ ഇവർ രാജ്യത്തിന്റെ ഭാവി നിർണയിക്കും എന്ന് അഭിപ്രായപ്പെടുന്നവർ ധാരാളമാണ്. എന്നാൽ ഇക്കാര്യത്തിൽ എന്താണ് നേതാക്കൾ പറയുന്നതെന്ന് നോക്കാം.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് "ഇന്ത്യയിൽ ഒന്നിനോടും ഒരിക്കലും 'ഇല്ല' എന്ന് പറയരുത്," എന്നായിരുന്നു സി.ജെ.പി. നേതാവ് അശുതോഷ് റാങ്കയുടെ പ്രതികരണം.യുവാക്കളുടെ നേതൃത്വത്തിൽ താഴേത്തട്ടിലുള്ള മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്നതായിരിക്കും തങ്ങൾ മുൻഗണന നൽകുന്നതെന്നും സി.ജെ.പി. വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വ്യക്തമാക്കി. ഉടനടി മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യം അവർ തള്ളിക്കളഞ്ഞു.
കേന്ദ്ര സർക്കാർ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അശുതോഷ് റാങ്കയും സൗരവ് ദാസും."എന്റെ മനസ്സിലുള്ള ഒരേയൊരു കാര്യം വീട്ടിൽ പോയി ഉറങ്ങുക, കുറച്ച് വിശ്രമിക്കുക, കുടുംബത്തെ കാണുക എന്നത് മാത്രമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ വീട്ടുനിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ സംഭവിച്ചതെല്ലാം ഒന്ന് ആലോചിച്ച് നോക്കൂ. ഒന്ന് വിശ്രമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ എല്ലാവരെയും സംബന്ധിച്ച് ഇത് വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്. ഇതൊരു അഭിമാന നിമിഷമാണ്. ശരിക്കും സന്തോഷിക്കാനും ആശ്വാസം കണ്ടെത്താനുമുള്ള ഒരു നിമിഷമാണിത്. അതിനുശേഷം, കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് നമുക്ക് നോക്കാം," റാങ്ക പറഞ്ഞു.
നിലവിൽ 750-800 രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്, അവയൊന്നും യുവാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയുന്നവയല്ല. എന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയായാലും അധികാരത്തിലുള്ള രാഷ്ട്രീയ നേതാവായാലും യുവാക്കൾക്കായി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവർ തയ്യാറാകണം. അതിനാൽ ഈ മുന്നേറ്റം താഴേത്തട്ടിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതാണ് ഇപ്പോൾ ഞങ്ങളുടെ അജണ്ടയെന്നും സൗരവ് ദാസും വ്യക്തമാക്കി.
സമരം ചിലർ അട്ടിമറിക്കാൻ ശ്രമിച്ചതായി പ്രധാൻ തന്റെ രാജി കത്തിൽ സൂചിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിഷേധക്കാരെ രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കുന്നത് സർക്കാർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു റാങ്കയുടെ മറുകരണം.
രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചതാണ് സി.ജെ.പി.യുടെ പിറവിയിലേക്ക് നയിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടിന് പൂട്ടിട്ട് അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും അത് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. പിന്നീട് നീറ്റ് പരീക്ഷ ക്രമക്കേട് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കിയ നീറ്റ് ക്രമക്കേട്, സി.ബി.എസ്.ഇ. പുനർമൂല്യനിർണയം തുടങ്ങിയ വിഷയങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 20ന് സി.ജെ.പി. ജന്തർമന്തറിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രതിപക്ഷ കക്ഷികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഇത് സമീപകാലത്തെ ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളിലൊന്നായി മാറുകയായിരുന്നു. ആദ്യം അവഗണിച്ച കേന്ദ്രം ഇതോടെ ചർച്ചയ്ക്ക് തയ്യാറായി. ജൂലൈ 20-നാണ് സി.ജെ.പി. നേതൃത്വവുമായി കേന്ദ്രം ആദ്യമായി ചർച്ച ആരംഭിച്ചത്. ജൂൺ 28ന് സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക് നിരാഹാരം തുടങ്ങിയത് സമരത്തിന് ആവേശം പകർന്നിരുന്നു. പിന്നീട് കേന്ദ്ര മന്ത്രിമാർ ഇടപെട്ട് അദ്ദേഹത്തിന്റെ സമരം അവസാനിപ്പിച്ചെങ്കിലും സി.ജെ.പി. മന്ത്രിയുടെ രാജി ആവശ്യം കൂടുതൽ ശക്തമാക്കുകയായിരുന്നു. മന്ത്രി രാജിവെച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് സമര നേതാവ് അഭിജീത് ദീപ്കെ വ്യക്തമാക്കിയതോടെ കേന്ദ്രം അപകടം തിരിച്ചറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.