ന്യൂഡല്‍ഹി: യു.പിയില്‍ അധികാരത്തിലേറിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രിക. സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടും, മുത്തലാഖ് വിഷയം സുപ്രീംകോടതിയുടെ മുന്നിലത്തെിക്കും എന്നിവയും പ്രകടന പത്രികയിലുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യു.പിയില്‍ ഭരണം പിടിക്കുമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ഭരണഘടനാ പരിധിയില്‍നിന്നുകൊണ്ട് അതിനായി സാധ്യമായ എല്ലാ ശ്രമവും നടത്തും. മുസ്ലിം സ്ത്രീകളുടെ അവകാശം ഉറപ്പാക്കാന്‍ നടപടിയെടുക്കും. അതിന്‍െറ ഭാഗമായി മുത്തലാഖ് നിരോധിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും. വര്‍ഗീയ കലാപങ്ങളുടെ പേരില്‍ കൂട്ട പലായനം ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അമിത് ഷാ പറഞ്ഞു.
യു.പിയുടെ വികസനവും മോദി സര്‍ക്കാറിന്‍െറ സദ്ഭരണവും മുന്‍നിര്‍ത്തിയാണ് വോട്ടുചോദിക്കുന്നതെന്ന് പറയുമ്പോഴും രാമക്ഷേത്രവും മുത്തലാഖും തുടങ്ങി സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന ഇനങ്ങള്‍ക്കും പ്രകടന പത്രികയില്‍ ഇടമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും കൂടെ പ്രതിമാസം 1 ജി.ബി ഡാറ്റയും സൗജന്യമായി ലഭ്യമാക്കും.
യൂനിവേഴ്സിറ്റികളിലും കോളജുകളും ഡാറ്റ സൗജന്യമായി നല്‍കും, യു.പിയിലെ 90 ശതമാനം ജോലികളും പ്രദേശിക യുവാക്കള്‍ക്ക് നല്‍കും, ഭൂമിയില്ലാത്തവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്, 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി എത്തിക്കും, പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, അഞ്ചു വര്‍ഷംകൊണ്ട് കാര്‍ഷികരംഗത്ത് 150 കോടിയുടെ വികസനം, ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് 500 കോടിയുടെ സ്കോളര്‍ഷിപ്, പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സംരക്ഷണ പദ്ധതി തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.