ന്യൂഡൽഹി: തടവിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ജയിലിൽ നേരിട്ട് കണ്ട് ഭാര്യ ഗീതാഞ്ജലി അംഗ്മോ. ദേശീയ സുരക്ഷാ ആക്ട് പ്രകാരം വാങ്ചുക് അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് ഗീതാഞ്ജലി ജയിൽ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്‍റെ ആത്മാവ് തളർന്നിട്ടില്ലെന്നും പ്രതിബദ്ധത ദൃഢമാണെന്നും സന്ദർശനത്തിന് ശേഷം ഗീതാഞ്ജലി എക്സിൽ കുറിച്ചു. പിന്തുണച്ചവർക്ക് തന്‍റെ ഹൃദയത്തിൽ നിന്ന് അദ്ദേഹം നന്ദി അറിയച്ചതായും ഗീതാഞ്ജലി കുറിച്ചു.
വാങ്ചുകിനെ തടങ്കലിൽ വെച്ചത് ചോദ്യം ചെയ്ത് ഗീതാഞ്ജലി സമർപ്പിച്ച റിട്ട് ഹരജിയിൽ കേന്ദ്ര ഗവൺമെന്‍റിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര ഗവൺമെന്‍റ്, കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക്, ജോദ്പൂർ സെൻട്രൽ ജയിൽ മേധാവി എന്നിവരെയാണ് പരാതിയിൽ പ്രതി ചേർത്തിരിക്കുന്നത്. കേസിൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ 14ലേക്ക് മാറ്റിയിരിക്കുകയാണ്. വാങ്ചുകിനെ തടവിൽ വെച്ചിരിക്കുന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ കുടുംബത്തെ അറിയിക്കാത്തത് നിയമ നടപടികളുടെ ലംഘനമാണെന്ന് ഗീതാഞ്ജലിക്ക് വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചു. കാരണം വ്യക്തമാക്കാതെ എങ്ങനെ ഒക്ടോബർ14ന് ഹേബിയസ് കോർപ്പസ് പ്രകാരം വാദം കേൾക്കുമെന്ന് ചോദ്യം ഉയർന്നു.
എന്നാൽ തടവിലാക്കിയതിന്‍റെ കാരണം വാങ്ചുകിനെ അറിയിച്ചിട്ടുണ്ടെന്നും ഇത് കുടുംബത്തെ അറിയക്കണമെന്ന വാദത്തിന് നിയമപരമായ സാധുത ഇല്ലെന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത പ്രതികരിച്ചത്. തടവിലാക്കിയതിന്‍റെ രേഖയുടെ പകർപ്പ് ഭാര്യക്ക് കൈമാറുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ചട്ടങ്ങൾക്കനുസൃതമായി വാങ്ചുകിന് മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കണെമന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഒരു വികാര നിർഭരമായ അന്തരീക്ഷം സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നാണ് ഭർത്താവിനെ കാണാൻ ഗീതാഞ്ജലി അനുമതി തേടിയതിനെതിരെ തുഷാർ മേത്ത പ്രതികരിച്ചത്. ജസ്റ്റിസ് കുമാറാണ് വാങ്ചുകിനെ ജയിലിൽ സന്ദർശിക്കാനുള്ള അനുമതി വിധിച്ചത്. സെപ്റ്റംബർ 26ന് 4 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്കിലെ പ്രക്ഷോഭത്തെ തുടർന്നാണ് വാങ്ചുകിനെ എൻ.എസ്.എ തടവിലാക്കിയത്. അദ്ദേഹത്തിന് പാകിസ്താനിലെ ഇന്‍റലിജൻസ് പ്രവർത്തകനുമായി ബന്ധമുണ്ടായിരുന്നുവെന്ന ലഡാക്ക് പൊലീസിന്‍റെ വാദം ഗീതാഞ്ജലി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.