"എന്തിനാണ് അവരുമായി പരേഡ് നടത്തിയത്?" അതീഖ് അഹ്മദ് വധത്തിൽ യോഗി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിലായിരുന്ന മുൻ സമാജ്‍വാദി പാർട്ടി എം.പി അതീഖ് അഹ്മദിനെയും സഹോദരൻ അശ്റഫ് അഹ്മദിനെയും പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കൊലയാളികൾ എങ്ങനെ അറിഞ്ഞുവെന്ന് സുപ്രീംകോടതി. വൈദ്യ പരിശോധനക്ക് ആശുപത്രി വളപ്പിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിന് പകരം ആശുപത്രി കവാടം വരെ ഇരുവരെയും നടത്തി​ക്കൊണ്ടുപോയത് എന്തിനാണെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഇതുസംബന്ധിച്ച് സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ട ബെഞ്ച് ഉമേഷ് പാൽ വധക്കേസിലെ മറ്റു പ്രതികളുടെ ഏറ്റുമുട്ടൽ കൊലകളിലെ വിവരങ്ങളും തേടി. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

2020ലെ വികാസ് ദുബെ ഏറ്റുമുട്ടൽ കൊലപാതകത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ബി.എസ്. ചൗഹാൻ കമീഷൻ റിപ്പോർട്ടിന്മേൽ കൈക്കൊണ്ട നടപടികളും യു.പി സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന് ബെഞ്ച് തുടർന്നു. അതീഖ്-അശ്റഫ് കസ്റ്റഡിക്കൊലയും യു.പിയിലെ 183 വ്യാജ ഏറ്റുമുട്ടലുകളും സംബന്ധിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. വിശ്വാൽ തിവാരി സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം.

യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ ഒരു നോട്ടീസും പുറപ്പെടുവിക്കരുതെന്ന് അവർക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൽ രോഹത്ഗി വാദിച്ചു. അതീഖും കുടുംബമൊന്നാകെയും കഴിഞ്ഞ 30 വർഷമായി ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണെന്നും അതിൽ കോപാകുലരായവർ ഏറ്റുമുട്ടലിൽ കൊല്ലാനിടയുണ്ടെന്നും രോഹത്ഗി വാദിച്ചു. ആശുപത്രി കവാടത്തിൽ മാധ്യമപ്രവർത്തകരടക്കം 50ഓളം പേരുണ്ടായിരുന്നുവെന്നും കാമറയുമായി മാധ്യമപ്രവർത്തകരെ പോലെ വന്നതുകൊണ്ടാണ് ഇരുവരെയും കൊല്ലാൻ സാധിച്ചതെന്നും രോഹത്ഗി പറഞ്ഞു. അപ്പോഴാണ് അവർ വരുന്നത് കൊലയാളികൾ എങ്ങനെ അറിഞ്ഞുവെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചോദിച്ചത്. രണ്ടു ദിവസം കൂടുമ്പോൾ ഏത് പ്രതിയെയും വൈദ്യപരിശോധനക്ക് കൊണ്ടുപോകണമെന്ന സുപ്രീംകോടതി വിധിയുള്ളത് പ്രതികൾക്ക് അറിയുമെന്നായിരുന്നു രോഹത്ഗിയുടെ മറുപടി.

എങ്കിൽ എന്തുകൊണ്ടാണ് അവരെ ആശുപത്രിഗേറ്റിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാതിരുന്നത് എന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. അവരെ പരേഡ് നടത്തി ഗേറ്റിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന ​ചോദ്യവും ദത്ത ഉന്നയിച്ചു. ഗേറ്റിലേക്കുള്ള ദൂരം വളരെ കുറവായിരുന്നുവെന്ന് രോഹത്ഗി ഇതിന് മറുപടി നൽകി.

Tags:    
News Summary - "Why Were They Paraded?": Supreme Court Seeks Report On Gangster's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.