സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

‘വനിത സംവരണ ബില്ലിൽ എന്തിനിത്ര തിടുക്കം‍?’ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ തന്ത്രമെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി: വനിത സംവരണ ബിൽ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന തിടുക്കത്തിൽ ദുരൂഹതയുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പിന്നാക്ക, ദളിത് വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് സംവരണാനുകൂല്യം നിഷേധിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത സംവരണത്തെ സമാജ്‌വാദി പാർട്ടി പൂർണമായും പിന്തുണക്കുന്നുണ്ടെങ്കിലും ജാതി സെൻസസ് നടത്താതെ ബിൽ നടപ്പിലാക്കുന്നത് ചതിയാണെന്ന് അഖിലേഷ് വ്യക്തമാക്കി.

വനിത ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബി.ജെ.പിക്ക് സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ മോശം ചരിത്രമാണുള്ളതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

21 സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള ബി.ജെ.പി, എത്രയിടങ്ങളിൽ സ്ത്രീകൾക്ക് അധികാരം കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പുതിയ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് ഈ ബില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുമ്പായി രാജ്യത്ത് സെൻസസും, പ്രത്യേകിച്ച് ജാതി അടിസ്ഥാനത്തിലുള്ള സെൻസസും പൂർത്തിയാക്കണമെന്ന് എസ്.പി അധ്യക്ഷൻ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളെ മാറ്റിനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മണ്ഡല പുനർനിർണയത്തിന്റെ മറവിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മണ്ഡല പുനർനിർണയങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിലെ നിയമസഭ സീറ്റുകൾ മണ്ഡല പുനർനിർണയത്തിന് ശേഷം അഞ്ഞൂറിലധികം കടക്കുമെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അഖിലേഷ് സംശയം പ്രകടിപ്പിച്ചു. മണ്ഡലങ്ങളുടെ ഘടന മാറ്റുന്നതിൽ ദുരുദ്ദേശ്യമുണ്ടെങ്കിൽ അയോധ്യയിൽ സംഭവിച്ചതുപോലെ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സീറ്റുകൾ മാറിമാറി വരുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാം മനോഹർ ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെ പാത പിന്തുടരുന്ന സമാജ്‌വാദി പാർട്ടി എന്നും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നവരാണെന്നും, എന്നാൽ സ്ത്രീകളെ വഞ്ചിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - ‘Why is there such a rush on the Women’s Reservation Bill?’ Akhilesh Yadav says it is BJP’s new political strategy aimed at vote bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.