തേജസ്വി യാദവ്, പപ്പു യാദവ്
ചിത്രങ്ങൾക്ക് പലപ്പോഴും ഒരു കഥ പറയാനുണ്ടാകും. ഏകദേശം രണ്ടുമാസത്തെ ഇടവേളയിൽ എടുത്ത എടുത്തിട്ടുള്ള രണ്ട് ഫോട്ടോകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു യാദവും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് അതിലൊന്ന്. ആർ.ജെ.ഡിയുമായും അതിന്റെ നേതാക്കളുമായുള്ള പപ്പു യാദവിന്റെ മഞ്ഞുരുകലിന്റെ സൂചനക്കപ്പുറം കൂടുതൽ ആഴത്തിലുള്ള അർഥതലങ്ങളുണ്ട് ആ ഫോട്ടോക്ക്.
ജൂലൈ ഏഴിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പട്നയിൽ തേജസ്വിക്കുമൊപ്പം വേദി പങ്കിടാൻ പപ്പു യാദവിനെ അനുവദിക്കാത്തതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച ജനങ്ങളുടെ നേതാവ് എന്ന് അഭിസംബോധന ചെയ്ത് പപ്പു യാദവ് തേജസ്വിയെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെ അവരുടെ ബന്ധം വിളക്കിച്ചേർക്കലിന്റെ സൂചന കൂടി കിട്ടി.
അതേസമയം, തേജസ്വി-പപ്പു സൗഹൃദം കോൺഗ്രസിന് മുതൽക്കൂട്ടാകുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും ബിഹാറിലുണ്ട്. അതായത് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടാനുള്ള കോൺഗ്രസിന്റെ തന്ത്രമാണ് ഇതിന് പിറകിലെന്നാണ് അവർ കരുതുന്നത്. ഇരു നേതാക്കളുടെയും സൗഹൃദം ചിലപ്പോൾ ബിഹാറിൽ കോൺഗ്രസിനും ആർ.ജെ.ഡിക്കും ഒരുപോലെ ഗുണം ചെയ്തേക്കാമെന്ന് കരുതുന്നവരുമുണ്ട്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോലെ ആർ.ജെ.ഡിയിൽ നിന്ന് കോൺഗ്രസിന് 70 സീറ്റുകൾ നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
സീമാഞ്ചൽ-കോസി മേഖലയിലെ പൂർണിയ, അരാരിയ, സഹർസ, മധേപുര, സുപോൾ തുടങ്ങിയ ചില സീറ്റുകളിൽ പപ്പു യാദവിന് വലിയ സ്വാധീനമുണ്ട്. ഇക്കാര്യം മുന്നിൽ നിർത്തി ചിലപ്പോൾ ഏഴു മുതൽ 10 സീറ്റുകൾക്ക് വരെ വില പേശാം. ഇത്തവണ കോൺഗ്രസിന് 50 സീറ്റുകൾ ലഭിക്കാനേ സാധ്യതയുള്ളൂ എന്നിരിക്കെ, പപ്പു യാദവിനെ മുന്നിൽ നിർത്തി ആ സംഖ്യ 60 ആക്കി സാധിക്കാൻ കഴിയുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
2020ൽ കോൺഗ്രസ്, ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാഗഡ്ബന്ധൻ സഖ്യത്തിലെ ദുർബലമായ കണ്ണിയായാണ് കോൺഗ്രസിനെ കണക്കാക്കുന്നത്. കാരണം മത്സരിച്ച 70 സീറ്റുകളിൽ 19 എണ്ണത്തിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചുള്ളൂ.
സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അനുഗ്രഹം ഉണ്ടെന്ന് പലപ്പോഴും വീമ്പു പറയുന്ന പപ്പു യാദവ് 2028ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുനേനാടിയായി തന്റെ ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചിരുന്നു. എന്നാൽ ആർ.ജെ.ഡി സീറ്റ് വിട്ടുകൊടുക്കാൻ തയാറാകാത്തതിനെ തുടർന്ന് പപ്പു യാദവിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. പൂർണിയ ലോക്സഭ മണ്ഡലത്തിൽ നിന്ന് 23,000 വോട്ടുകൾ വിജയിക്കുകയും ചെയ്തു.
വിജയിച്ചതിനു ശേഷവും ഇൻഡ്യ സഖ്യവുമായി അടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ ആർ.ജെ.ഡി രൂക്ഷമായി ആക്രമിച്ചു. എന്നാൽ ആഗസ്റ്റ് 17ന് റോഹ്താസിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പപ്പു യാദവ് ലാലു പ്രസാദ് യാദവിനെ കണ്ടതോടെ കഥ മാറി. ഇക്കഴിഞ്ഞ ഞായറാഴ്ച പപ്പു യാദവിനെ അഭിവാദ്യം ചെയ്ത് ആലിംഗനം ചെയ്യാൻ തേജസ്വി തയാറായതോടെ മഞ്ഞുരുക്കം പൂർത്തിയായതായി മാധ്യമങ്ങൾ എഴുതി. ആ അവസരം പരമാവധി മുതലെടുത്ത പപ്പു യാദവ് തേജസ്വി ജനനായകൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഹുലിനെയാണ് കോൺഗ്രസ് ഈ പദമുപയോഗിച്ച് വിശേഷിപ്പിക്കാറുള്ളത്. രാഹുലിനെ ജനനായകൻ എന്ന് വിശേഷിപ്പിക്കുന്നതിലെ അസഹിഷ്ണുത ജെ.ഡി.യു പരസ്യമാക്കിയിട്ടുമുണ്ട്.
ആറു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പപ്പു യാദവിന്റെ സ്വാധീനം ആർ.ജെ.ഡി മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ സീമാഞ്ചൽ-കോസി ബെൽറ്റിൽ അദ്ദേഹത്തിന്റെ സ്വാധീനം ആർക്കും നിഷേധിക്കാനാകില്ലെന്നാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെട്ടതാണെന്നും ജെ.ഡി.യു നേതാവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.