ടീസ്റ്റ സെറ്റൽവാദ്

ആരാണ് ടീസ്റ്റ? എന്തിനാണ് മോദിയും ഷായും ഈ സ്ത്രീയെ ഭയക്കുന്നത്?

ഇന്ത്യയിലെ ആദ്യ അറ്റോർണി ജനറൽ എം.സി സെറ്റൽവാദിന്‍റെ ചെറുമകളാണ് ടീസ്റ്റ സെറ്റൽവാദ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷനിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു അവരുടെ മുത്തച്ഛൻ ചിമൻലാൽ ഹരിലാൽ സെറ്റൽവാദ്.

മുംബൈയിൽ പത്രപ്രവർത്തകയായാണ് ടീസ്റ്റ സെറ്റൽവാദ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ പത്മശ്രീ ടീസ്റ്റ സെറ്റൽവാദ് ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ സ്ഥാപിതമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളും അതിന്‍റെ സെക്രട്ടറിയുമാണ്. ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് നിയമ സഹായങ്ങൾ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.

2002ൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ കേസുകൾ ആദ്യമായി ഏറ്റെടുത്ത ആക്ടിവിസ്റ്റാണ് ടീസ്റ്റ. പിന്നീട് ആറു വർഷത്തിന് ശേഷം കലാപത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുൻ സി.ബി.ഐ ഡയറക്ടർ ആർ.കെ.രാഘവന്റെ കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിലേക്ക് സുപ്രീം കോടതിയെ നയിച്ചതും ടീസ്റ്റ സെറ്റൽവാദാണ്. എന്നാൽ, ഇരകൾക്ക് വേണ്ടി സധൈര്യം എഴുന്നേറ്റ് നിന്നതിന്റെ പേരിൽ മോദി, ഷാ കൂട്ടുകെട്ട് ഇവർക്കെതിരെ നിരന്തരം കുരുക്കുകൾ മുറുക്കിയിരുന്നു. അതിൽ ഒടുവിലത്തേതാണ് ഇന്നലെ നടന്ന അറസ്റ്റ്.

2007 മാർച്ചിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സഹഹരജിക്കാരിയായിരുന്നു ടീസ്റ്റ. 2002ലെ കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ടീസ്റ്റ വാദിച്ചു. എന്നാൽ ടീസ്റ്റയുടെ ആവശ്യം ഹൈകോടതി തള്ളിയെങ്കിലും അവർ സുപ്രീം കോടതിയെ സമീപിച്ചു.

പിന്നാലെ ടീസ്റ്റയുടെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന് നിർദേശം നൽകി. പിന്നീട് സി.ജെ.പിയിലെ മുൻ അംഗവും അഹമ്മദാബാദിൽ സംഘടനയുടെ സ്ഥിരം പ്രവർത്തകനുമായ റയീസ് ഖാനുമായി അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പേരിൽ ടീസ്റ്റ അകന്നു.

2014ൽ സബ് രംഗ് എന്ന എൻ.ജി.ഒക്ക് വേണ്ടി ലഭിച്ച ധനസഹായം വ്യക്തിഗത ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് റയീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടീസ്റ്റക്കും ഭർത്താവ് ജാവേദ് ആനന്ദിനുമെതിരെ 2018ൽ അഹമ്മദാബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹരജി ഇപ്പോൾ ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിലാണ്. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സബ് രംഗ് ട്രസ്റ്റ് വഴി ഗുജറാത്ത് വംശഹത്യയിലെ ഇരകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ടീസ്റ്റ സജീവമായി ഇടപെട്ടിരുന്നു.

അവർ ഗുജറാത്തിലെത്തി ഇരകളെ നേരിട്ട് കാണുകയും അവരോട് സംസാരിച്ച ശേഷം കേസുകൾ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ, നരോദ ഗാം, സർദാർപുര, ദിപ്‌ദ ദർവാജ ഇരകൾ, ഒഡെ, വഡോദരയിലെ ബെസ്റ്റ് ബേക്കറി കേസ് തുടങ്ങി ഗുജറാത്ത് കലാപത്തിലാകെ ഇരയാക്കപ്പെട്ടവരുടെ കേസുകൾ അവർ ഏറ്റെടുത്തു.

2006ൽ മതവികാരം വ്രണപ്പെടുത്തൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമക്കൽ, പണ്ടേർവാഡ ഗ്രാമത്തിലെ ശ്മശാനങ്ങളിൽ അതിക്രമിച്ച് കയറി 28ഓളം മുസ്‍ലിംകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നീ കുറ്റങ്ങൾ ചുമത്തി ടീസ്റ്റ, റയീസ് എന്നിവരുൾപ്പടെ മറ്റ് പത്ത് പേർക്കെതിരെ പഞ്ച്മഹൽസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടീസ്റ്റയുടെ ഹരജി ഇന്നും ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിൽ തന്നെയാണ്.

Tags:    
News Summary - Who is Teesta? Why Modi and Shah afraid of this woman?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.