ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാനായി സർദാർ ഇഖ്ബാൽ സിങ് ലാൽപുര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ സാന്നിധ്യത്തിൽ ചുമതലയേറ്റു. പഞ്ചാബിൽനിന്ന് കേന്ദ്രസർക്കാർ കടുത്ത എതിർപ്പുകൾ ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അവിടത്തുകാരനായ ഇഖ്ബാൽ സിങ്ങിെൻറ നിയമനം. കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിെൻറ മുൻനിരയിൽ പഞ്ചാബിലെ കർഷകരുണ്ട്.
ദീർഘകാല സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളുമായി വഴിപിരിഞ്ഞതോടെ, അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പഞ്ചാബിൽ ദുർബലവുമാണ്. കർഷക പ്രക്ഷോഭം പഞ്ചാബിൽ മൂർധന്യത്തിലെത്തിനിന്ന സമയത്ത് ബി.ജെ.പിക്കുവേണ്ടി പഞ്ചാബിൽ ഉടനീളം ഇഖ്ബാൽ സിങ് സഞ്ചരിച്ചു. കർഷകരുടെ രോഷം പലേടത്തുനിന്നും ഏറ്റുവാങ്ങുകയും ചെയ്തു. അടുത്തിടെ നടന്ന രണ്ടു ദേശീയ നിയമനങ്ങളും പഞ്ചാബിൽ നിന്നാണ്. ദേശീയ പട്ടികജാതി കമീഷൻ ചെയർമാൻ വിജയ് സാംപ്ല പഞ്ചാബിലെ മുൻമന്ത്രിയാണ്.
2012ൽ ബി.ജെ.പിയിൽ ചേരുന്നതിനുമുമ്പ് ഇഖ്ബാൽ സിങ് പഞ്ചാബിൽ മുതിർന്ന പൊലീസ് ഓഫിസറായിരുന്നു. അമൃത്സറിൽ സി.ഐ.ഡി വിഭാഗം അഡീഷനൽ ഐ.ജിയായി പ്രവർത്തിച്ചിട്ടുണ്ട്. സിഖ് ഭീകരതയുടെ കാലത്ത് പൊലീസ് സേനയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അടക്കം നേടി. ജർണയിൽ സിങ് ഭിന്ദ്രൻവാലയെ അറസ്റ്റ് ചെയ്യാൻ നിയോഗിച്ച മൂന്നു പൊലീസ് ഓഫിസർമാരിൽ ഒരാൾ ഇഖ്ബാൽ സിങ്ങായിരുന്നു. ന്യൂനപക്ഷ കമീഷൻ അധ്യക്ഷ സ്ഥാനത്ത് നിയമിക്കപ്പെടുന്നതിനുമുമ്പ് ബി.ജെ.പിയുടെ ദേശീയ വക്താവായിരുന്നു. സിഖ് തത്ത്വശാസ്ത്രവും ചരിത്രവും ആധാരമാക്കി ഡസനിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.