മണിപ്പൂരിൽ മടങ്ങിവരുമോ കോൺഗ്രസ്
ന്യൂഡൽഹി: 2017ൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി അധികാരം പിടിച്ച സംസ്ഥാനമാണ് മണിപ്പൂർ. എൻ.ഡി.എ സഖ്യത്തിനൊപ്പമുണ്ടായിരുന്ന നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) ഇക്കുറി ഒരു ഡസനോളം സ്ഥാനാർഥികളെ കളത്തിലിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബി.ജെ.പിയുമായി സഖ്യം തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. നാഷനൽ പീപ്ൾസ് പാർട്ടി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടുമെന്ന് പാർട്ടി അധ്യക്ഷൻ കോൺറാഡ് സാങ്മ വ്യക്തമാക്കി കഴിഞ്ഞു.
പ്രാദേശിക കക്ഷികളെ ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും ഈ തെരഞ്ഞെടുപ്പിൽ അവർ തകർന്ന് തരിപ്പണമാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ലോകേൻ സിങ് പറയുന്നു. അതേസമയം, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ കോറുങ്താങ് എം.എൽ.എ, ഗോവിന്ദാസ് കൊന്തൗജം അടക്കമുള്ള നേതാക്കൾ അടുത്തിടെ രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയാകുമോ എന്നറിയാൻ മാർച്ച് 10 വരെ കാത്തിരിക്കണം. മണിപ്പൂരിൽ അടുത്തിടെ കമാൻഡിങ് ഓഫിസർ തന്നെ കൊല്ലപ്പെട്ട ഭീകരാക്രമണവും അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതും മുൻ നിർത്തി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയാവും കോൺഗ്രസ് പ്രചാരണം. തങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം തീരുമാനിക്കുന്ന കാര്യം അഫ്സ്പ പിൻവലിക്കൽ ആയിരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ, വികസനവും സമാധാനവും ജനമറിഞ്ഞ വർഷങ്ങളാണ് ബി.ജെ.പി സർക്കാറിന് കാഴ്ച വെക്കാനായത് എന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. അടുത്തിടെ മണിപ്പൂരിൽ 1,850 കോടിയുടെ 13 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൂണ്ടിക്കാണിക്കുന്നത് വികസനമന്ത്രമാണ്. ഇന്ത്യൻ സർക്കാറിനെ മുഴുവനായി മണിപ്പൂരിന്റെ പടിവാതിലിൽ എത്തിച്ചുവെന്നാണ് മോദി അവകാശപ്പെട്ടത്.
ഉത്തർപ്രദേശിൽ ബഹുകോണ മൽസരം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ ഉത്തർപ്രദേശിൽ ഇത്തവണ തെളിയുന്നത് ബഹുകോണ മത്സരത്തിനുള്ള ചിത്രം. ഭരണവിരുദ്ധ വികാരം നേരിടുന്ന യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നത് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിയാണ്.
അഖിലേഷിന്റെ റാലികൾ വൻ ജനാവലി കൊണ്ട് ശ്രദ്ധേയമായി വരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം പൊതുപരിപാടികൾക്ക് നിരോധനവും വന്നത്. കോവിഡ് രണ്ടാം തരംഗം നേരിട്ടതിലെ പരാജയത്തെ വികസന പദ്ധതികളുടെ പ്രഖ്യാപന- ഉദ്ഘാടനങ്ങളിലൂടെ മറികടന്ന് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
മുഖ്യ പ്രതിപക്ഷകക്ഷികളെ മാറ്റി നിർത്തി ചെറു പാർട്ടികളെയും ഗ്രൂപ്പുകളെയും കൂടെ നിർത്തിയാണ് അഖിലേഷ് പോരിനിറങ്ങുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു.പിയിലെ ജാട്ട് ഹൃദയഭൂമിയിൽ സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർ.എൽ.ഡിയുമായുള്ള സഖ്യമാണ് അതിലേറ്റവും പ്രധാനം. ഓംപ്രകാശ് രാജ്ഭറിന്റെ എസ്.ബി.എസ്.പി, അപ്നാദളിന്റെ ഒരു വിഭാഗവും മഹാൻ ദളും ജൻവാദി സോഷ്യലിസ്റ്റ് പാർട്ടിയും ഏതാനും മേഖലകളിൽ സ്വാധീനമുള്ള ചെറുപാർട്ടികളാണ്.
സമാജ്വാദി പാർട്ടിക്ക് പുറമെ ഉത്തർപ്രദേശിൽ അടിത്തറയുള്ള മുൻ മുഖ്യമന്ത്രി മായാവതിയുടെ ബി.എസ്.പി കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇറങ്ങാതെ മാറി നിൽക്കുന്നത് ബി.ജെ.പിക്ക് അനുഗുണമാകുമോ എന്ന ആശങ്ക പ്രതിപക്ഷത്തുണ്ട്. അതേമസയം സമാജ്വാദി പാർട്ടിക്ക് കിട്ടാവുന്ന മുസ്ലിം വോട്ടുകൾ പരമ്പരാഗതമായി ഭിന്നിപ്പിക്കാറുള്ള കോൺഗ്രസ് ഇത്തവണ പ്രിയങ്കയെ ഇറക്കി നടത്തിയ മഹിള കാമ്പയിനിലൂടെ തങ്ങൾക്ക് കിട്ടുന്ന വനിത വോട്ടുകളിലും ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക ബി.ജെ.പിക്കുമുണ്ട്. പ്രിയങ്കയുടെ മഹിള മാരത്തോണുകളിലെ സ്ത്രീ പങ്കാളിത്തം മൂലം പലയിടത്തും ഇതിന് അനുമതി നൽകാതിരിക്കാൻ യോഗി സർക്കാറിനെ പ്രേരിപ്പിച്ചിരുന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 100 സീറ്റിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിൽ എസ്.പിക്കാണ് ആധി.
പഞ്ചാബിൽ ചതുഷ്കോണം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പിയിതര കക്ഷി ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബ് ശക്തമായ ചതുഷ്കോണ മത്സരത്തിലേക്ക്. ഇവിടെ ഭരണം നിലനിർത്താൻ കോൺഗ്രസ് പാടുപെടുകയാണ്. കോൺഗ്രസ് വോട്ടുകൾ ചോർത്തി ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആം ആദ്മി പാർട്ടിയും വർഷങ്ങൾക്കുശേഷം ഒറ്റക്ക് മത്സരിക്കുന്ന ശിരോമണി അകാലിദളും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ബി.ജെ.പിയും ചേർന്നുള്ള സഖ്യവുമാണ് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ചതുഷ്കോണമാക്കി മാറ്റിയത്.
കർഷക സമരത്തിന് നൽകിയ പിന്തുണയുടെ ബലത്തിൽ സുഗമമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഭരണത്തിന്റെ അവസാന വർഷം മുഖ്യമന്ത്രിയെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കർഷകസമരം ഏറെ ശക്തമായ സംസ്ഥാനത്ത് കർഷകരുടെ നിലപാടും നിർണായകമാണ്. രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന കർഷകരുടെ നിലപാട് വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. 22 ജില്ലകളിലെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കർഷക സമരവും കേന്ദ്ര സർക്കാറും വലിയ ചർച്ചയായിരുന്ന പ്രചാരണങ്ങൾ പ്രധാനമന്ത്രിയെ വഴിതടഞ്ഞ സംഭവത്തിലേക്ക് മാറിയ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഉത്തരാഖണ്ഡിൽ ഉത്തരം നൽകാൻ
ന്യൂഡൽഹി: ജാതിസമവാക്യങ്ങൾ അധികാരസ്ഥാനം നിർണയിക്കുന്ന ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വീണ്ടും ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കർഷക നിയമങ്ങൾ, തൊഴിലില്ലായ്മ, കുടിയേറ്റ പ്രശ്നം എന്നിവ വഴി ഭരണവിരുദ്ധ വോട്ടുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2017ലെ തെരഞ്ഞെടുപ്പിൽ 57 സീറ്റിന്റെ വ്യക്തമായ മുൻതൂക്കത്തോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവിൽ പുഷ്കർ സിങ് ധാമിയാണ് മുഖ്യമന്ത്രി. ഗ്രൂപ് വഴക്കും ആഭ്യന്തര പോരും കാരണം മൂന്നു തവണയാണ് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ മാറ്റിയത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും പിന്നീട് തിരാത്ത് സിങ്ങും മുഖ്യമന്ത്രിമാരായി.
അവസാനത്തെയാളാണ് ധാമി. അടിക്കടി മുഖ്യമന്ത്രിമാരെ മാറ്റുന്ന ബി.ജെ.പിക്ക് ഇത്തവണ തോൽവി രുചിക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചാണ് കോൺഗ്രസ് പൊരുതാനിറങ്ങുന്നത്.
അതേസമയം, ഇത്തവണ ശക്തമായ സാന്നിധ്യമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ അടക്കമുള്ള വാഗ്ദാനങ്ങളുയർത്തിയാണ് ആം ആദ്മി പാർട്ടിയുടെ പോരാട്ടം. ഇന്ത്യ ന്യൂസ്-ജൻ കി ബാത് സർവേ പ്രകാരം വോട്ടുശതമാനത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.
ബി.ജെ.പിക്ക് 39 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോൾ കോൺഗ്രസിന് 38.2 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്ന് സർവേ പറയുന്നു. ആം ആദ്മി പാർട്ടിയുടെ വോട്ട് ഷെയർ 11.7 ആണ്. സർവേ പ്രകാരം ബ്രാഹ്മിൺ, രജ്പുത് വിഭാഗങ്ങളിലെ 45 ശതമാനം വീതം ആളുകൾ ബി.ജെ.പിക്കായി വോട്ട് ചെയ്യും. ഈ ജാതിയിൽപെട്ട 35 ശതമാനം പേർ കോൺഗ്രസിനാണ് വോട്ടു നൽകുക. മുസ്ലിം സമുദായത്തിലെ 85 ശതമാനം, സിഖ് സമുദായത്തിലെ 60 ശതമാനം, പട്ടികജാതി വിഭാഗത്തിലെ 75 ശതമാനം ആളുകൾ കോൺഗ്രസിനെയും അനുകൂലിക്കുന്നു.
ഗോവ: പരീകറില്ലാതെ പടയൊരുക്കം
മുംബൈ: മനോഹർ പരീകറെന്ന സർവസമ്മതനായ നേതാവില്ലാതെയാണ് ബി.ജെ.പി ഇത്തവണ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് നേരിടുക. പരീകറുടെ നിര്യാണശേഷം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് പാർട്ടിയിൽ സർവസമ്മതനല്ല. ബി.ജെ.പി ടിക്കറ്റ് നൽകിയാലുമില്ലെങ്കിലും പരീകറുടെ മണ്ഡലമായ പാഞ്ചിമിൽ മകൻ ഉത്പൽ പരീകർ മത്സരിക്കാനൊരുങ്ങുന്നതും ബി.ജെ.പിയെ വെട്ടിലാക്കി. പരീകർ പക്ഷക്കാരായ രണ്ടു ക്രിസ്ത്യൻ എം.എൽ.എമാർ സാവന്തുമായി ഉടക്കി രാജിവെച്ചതും മറ്റ് രണ്ടുപേരുടെ രാജിസാധ്യതയും ബി.ജെപിക്ക് പ്രതികൂലമാണ്. ഭരണവിരുദ്ധ വികാരം മുന്നിൽക്കണ്ട് വർഗീയ കാർഡിറക്കുകയാണ് സാവന്ത്. പോർചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമിക്കുമെന ആഹ്വാനത്തിലൂടെ സാവന്ത് വർഗീയ കാർഡാണ് ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
മമതയുടെ തൃണമൂലിന്റെ നീക്കങ്ങളാണ് ശ്രദ്ധേയം. ടെന്നിസ് താരം ലിയാൻഡർ പേസിനെ മുൻനിർത്തിയാണ് തൃണമൂലിന്റെ നീക്കങ്ങൾ. പ്രശാന്ത് കിഷോറിന്റെ സംഘമാണ് ഇതിനു പിന്നിൽ. മുൻ കോൺഗ്രസ് മുഖ്യമന്ത്രി ലൂയിസിന്യോ ഫലേരിയോവും തൃണമൂലിനൊപ്പമാണ്. ആദ്യകാലത്ത് ഗോവ ഭരിക്കുകയും പിന്നീട് ബി.ജെ.പിയുമായി സഖ്യമായതോടെ ക്ഷയിക്കുകയും ചെയ്ത മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി സഖ്യത്തിലാണ് തൃണമൂൽ. ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിനാണ് കോൺഗ്രസ് നീക്കം. ബി.ജെ.പിയെ തടയാൻ മറ്റുള്ള പാർട്ടികൾ ഒന്നിക്കണമെന്ന നിലപാടിലാണ് തൃണമൂലും ഗോവ ഫോർവേഡ് പാർട്ടിയും. 2017ൽ 40 അംഗ സഭയിൽ 17 അംഗങ്ങളുമായി കോൺഗ്രസിന് ഭരണസാധ്യതയുണ്ടായിട്ടും പരീകറുടെ മിടുക്കിൽ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു. ഭൂരിപക്ഷമായ 21 തികക്കാൻ ഗോവ ഫോർവേഡ് പാർട്ടിയും സ്വതന്ത്രനും പിന്തുണക്കാൻ തയാറായിട്ടും കോൺഗ്രസ് അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. ഒടുവിൽ 15 എം.എൽ.എമാരും പാർട്ടി വിട്ടതോടെ നിലവിൽ രണ്ടുപേർ മാത്രമേ കോൺഗ്രസിൽ ബാക്കിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.