ലഖ്നോ: ഉത്തർപ്രദേശിൽ സ്ഥലപേരുകൾ മാറ്റുന്ന നടപടികളുടെ തുടർച്ചയായി അയോധ്യ ജില്ലയിലെ രണ്ട് സ്ഥലങ്ങൾക്ക് കൂടി പുതിയ പേരുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭദർസ എന്ന മുനിസിപ്പൽ നഗരത്തിന്റെ പേര് ‘ഭരത് നഗർ’ എന്നാക്കി മാറ്റി. കൂടാതെ പുതുതായി രൂപീകരിച്ച ഖിലോണി-സുചിതഗഞ്ച് നഗർ പഞ്ചായത്തിന് ‘മാ ജ്വാലാ ജി നഗർ പഞ്ചായത്ത്’ എന്ന പേര് നൽകുകയും ചെയ്തു. ബികാപൂരിൽ നടന്ന പൊതു പരിപാടിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ പേരുമാറ്റൽ പ്രഖ്യാപനം.
ബി.ജെ.പി എം.എൽ.എ അമിത് സിങ് ചൗഹാൻ മുന്നോട്ടുവച്ച ആവശ്യത്തെ തുടർന്നാണ് ഖിലോണി-സുചിതഗഞ്ചിന്റെ പേര് മാറ്റുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, ഭദർസയെ ‘ഭരത് നഗർ’ എന്ന് മാറ്റുന്നത് ശ്രീരാമന്റെ സഹോദരനായ ഭരതന്റെ ത്യാഗവും സഹോദര സ്നേഹവും ആദരിക്കുന്നതിനാണെന്നും ഭരതകുണ്ഡുമായി ബന്ധപ്പെട്ട പ്രദേശം ഇനി മുതൽ ‘ഭരത്’ എന്ന പേരിൽ തിരിച്ചറിയപ്പെടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രസംഗത്തിൽ സമാജ്‍വാദി പാർട്ടിക്കെതിരെയും യോഗി ആദിത്യനാഥ് രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ മാസങ്ങളിൽ ഇവിടെ നടന്ന ചില രാഷ്ട്രീയ സംഭവവികാസങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കൂടാതെ, അയോധ്യയുടെ ആത്മീയ പാരമ്പര്യത്തെയും സാംസ്കാരിക സ്വത്വത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുമാറ്റങ്ങൾ നടപ്പാക്കുന്നതെന്നും പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെയും ചരിത്ര പാരമ്പര്യത്തെയും മാനിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഉത്തർപ്രദേശിൽ നിരവധി സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്. അലഹാബാദ് പ്രയാഗ്‌രാജ് ആയും ഫൈസാബാദ് ജില്ല അയോധ്യയായും മുഗൾസരായ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ ആയും മാറ്റിയിരുന്നു. കൂടാതെ ജൂലൈ ആറിന് യു.പി മന്ത്രിസഭ ഷാജഹാൻപൂരിലെ ജലാലാബാദ് തഹസിലിന്റെ പേര് പരശുരാമപുരി എന്നാക്കി മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു. കുശിനഗറിലെ ഫാസിൽ നഗറിന് പാവഗഢ് എന്ന പേര് നൽകുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. പേരുമാറ്റ പ്രഖ്യാപനത്തിന് പിന്നാലെ ആവശ്യമായ ഭരണനടപടികൾ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഔദ്യോഗിക രേഖകൾ, ബോർഡുകൾ, ഭരണപരമായ രേഖകൾ എന്നിവയിൽ പുതിയ പേരുകൾ ഘട്ടംഘട്ടമായി ഉൾപ്പെടുത്തുമെന്നും യു.പി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.