ഹൈദരാബാദ്: ആശുപത്രി സന്ദർശിച്ച തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ രേവന്ത് അണ്ണാ എന്ന് വിളിച്ച് സഹായം അഭ്യർഥിച്ച് യുവതി. വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ കാണാനായി ഞായറാഴ്ച ഹൈദരാബാദിലെ യശോദ ആശുപത്രിയിലെത്തിയതായിരുന്നു രേവന്ത് റെഡ്ഡി.
നിരവധി സുരക്ഷ ഉദ്യോഗസ്ഥരും അനുചരൻമാരും രേവന്ത് റെഡ്ഡിക്കൊപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പം മുഖ്യമന്ത്രി നടന്നു നീങ്ങുമ്പോഴാണ് കുറച്ചകലെ നിൽക്കുകയായിരുന്ന യുവതി രേവന്ത് അണ്ണാ എന്ന് ഉച്ചത്തിൽ വിളിച്ചത്. അദ്ദേഹത്തോട് സംസാരിക്കാനുണ്ടെന്നും സ്ത്രീ പറഞ്ഞു. തെലുങ്കിൽ അണ്ണൻ എന്നു പറഞ്ഞാൽ മുതിർന്ന സഹോദരൻ എന്നാണ് അർഥം.
അവരുടെ വിളി ശ്രദ്ധിച്ചയുടൻ രേവന്ത് റെഡ്ഡി അരികിലെത്തി. എന്താണ് പ്രശ്നമെന്ന് ആരാഞ്ഞു. സുഖമില്ലാത്ത കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയതാണ് യുവതി. ചികിത്സക്കായി ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങളുടെ ബില്ലാണ് വന്നത്. ആ തുകയടക്കാൻ നിർവാഹമില്ലാതായതോടെയാണ് യുവതി മുഖ്യമന്ത്രിയുടെ സഹായം തേടിയത്. അവരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആശുപത്രി അധികൃതരെ ചുമതലപ്പെടുത്തിയിട്ടാണ് രേവന്ത് മടങ്ങിയത്. വിഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. നിങ്ങൾ സൂപ്പറാണ് അണ്ണാ...എന്നാണ് നെറ്റസൺസ് പ്രതികരിച്ചത്. ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.