ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും രാജ്യാന്തര മയക്കുമരുന്ന് കടത്തുകാരനുമായ മുഹമ്മദ് സലിം ദോല തുർക്കിയയിൽ അറസ്റ്റിലായ വാർത്ത് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. വർഷങ്ങളായി ഇന്ത്യൻ ഏജൻസികളെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തുർക്കി അധികൃതർ ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. മുംബൈ ഡോംഗ്രി സ്വദേശിയായ ഇയാൾക്കെതിരെ 2024ൽ പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് സലിമിനെ പിടികൂടിയത്.
ഇന്ത്യൻ അന്വേഷണ ഏജൻസികളെ ഭയന്ന് ഇസ്താംബൂളിൽ എത്തിയ സലിം ഡോള അതിതീവ്രമായ ജാഗ്രതയിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്ന മുറിയിൽനിന്നുപോലും പുറത്തിറങ്ങാനോ മറ്റാരുമായും നേരിട്ട് ആശയവിനിമയം നടത്താനോ ഇയാൾ തയാറായിരുന്നില്ല. എന്നാൽ, അടുത്തിടെ തന്റെ ഒളിത്താവളത്തിലേക്ക് ഒരു കൊറിയർ ഓർഡർ ചെയ്തതാണ് ഇയാൾക്ക് വിനയായത്. ഒളിവിൽ കഴിഞ്ഞിരുന്ന സലിം ദോല ചെയ്ത ആ അബദ്ധം അയാളെ പിടികൂടുന്നതിൽ നിർണായക ലീഡായി മാറി.
ഈ ഒരൊറ്റ ഇടപാടിലൂടെ ഇന്ത്യൻ ഏജൻസികൾക്ക് ഇയാളുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെവിവരം ഇസ്താംബൂൾ പൊലീസിന് കൈമാറുകയും അവർ നടത്തിയ റെയ്ഡിൽ ദോല പിടിയിലാവുകയുമായിരുന്നു. ചൊവ്വാഴ്ചയാണ് ഇയാളെ ഇന്ത്യക്ക് കൈമാറിയത്.
സലിം ഡോല താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകളും ഒരു ബൾഗേറിയൻ പാസ്‌പോർട്ടും കണ്ടെടുത്തി. 'ഹംസ' എന്ന വ്യാജപ്പേരിലാണ് ഇയാൾ തുർക്കിയയിൽ കഴിഞ്ഞിരുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന ബൾഗേറിയൻ പാസ്‌പോർട്ട് വ്യാജമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള ഇയാൾ, ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന കണ്ണിയാണെന്നാണ് സൂചന. 2023 ജൂണിൽ തെക്കൻ മുംബൈയിൽനിന്ന് പിടികൂടിയ വൻതോതിലുള്ള മെഫെഡ്രോൺ മയക്കുമരുന്നിന്റെ പ്രധാന വിതരണക്കാരൻ ദോലയാണെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കോടതിയെ അറിയിച്ചു.
മുംബൈ കോടതിയിൽ ഹാജരാക്കിയ ഇയാളെ മേയ് എട്ടുവരെ എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു. വർഷങ്ങളായി ഏജൻസികൾക്ക് വെല്ലുവിളിയായിരുന്ന സലിം ദോലയുടെ അറസ്റ്റ് വരുംദിവസങ്ങളിൽ കൂടുതൽ രഹസ്യങ്ങൾ ഡി-കമ്പനി പുറത്തുകൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.