വിലക്ക് ഏശിയില്ല; 'പാറ്റ'കളെ പൂട്ടാൻ ഓഗി ജനതാ പാർട്ടി

ന്യൂഡൽഹി: എക്സിൽ പൂട്ടിയതിനു ശേഷവും മറ്റ് സമൂഹമാധ്യമങ്ങളിലൂടെ അതിശക്തമായി തിരിച്ചുവന്ന കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി)യെ പ്രതിരോധിക്കാൻ മറ്റൊരു സോഷ്യൽ മീഡിയ പാർട്ടി. ഓഗി ജനതാ പാർട്ടി(ഒ.ജെ.പി)യാണ് സി.ജെ.പി പൂട്ടാൻ ഉദയം ചെയ്തിരിക്കുന്നത്.സി.ജെ.പി അവകാശപ്പെടുന്നതുപോലെ അത്ര നിഷ്പക്ഷത പുലർത്തുന്നില്ലെന്നാണ് ഒ.ജെ.പിയുടെ വിമർശനം. എന്നാൽ, സി.ജെ.പിയുടെ സ്വീകാര്യത നേടാൻ ഒ.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദിപ്കെക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ഓഗി ജനതാ പാർട്ടി ആരോപിക്കുന്നത്. എ.എ.പിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്ന് ഒ.ജെ.പി ആരോപിക്കുന്നു.

ഓഗി ആൻഡ് ദ കോക്രോച്ചസ് (Oggy and the Cockroaches) കാർട്ടൂൺ പരമ്പരയിലെ പ്രധാന കഥാപാത്രമായ നീല പൂച്ചയുടെ പേരാണ് 'ഓഗി'.

അതുപോലെ, എല്ലാത്തരം പ്രാണികളെയും (പാറ്റകളെ) ഇല്ലാതാക്കുക എന്നതാണ് ഈ പാർട്ടിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു കൊളാഷും ഇവർ പങ്കുവെച്ചു. 'വാളുകളുടെ മൂർച്ചയാൽ രൂപപ്പെട്ട ഒരു മണ്ണിലെ യുവാക്കൾ, തങ്ങളെ പാറ്റകൾ എന്ന് വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ഇത് യഥാർഥത്തിൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ ലക്ഷണമാണ്' എന്നാണ് ഒ.ജെ.പിയുടെ പരിഹാസം.

സി.ജെ.പി ഇൻസ്റ്റഗ്രാമിൽ ഇൻഫ്ലുവൻസർ അർപ്പിത് ശർമയെ പിന്തുടരുന്നുണ്ടെന്നും ഒ.ജെ.പി എടുത്തുകാണിച്ചു. അദ്ദേഹത്തിന്റെ പിതാവ് വികാസ് ശർമ 2022 ലെ യു.പി തെരഞ്ഞെടുപ്പിൽ എ.എ.പി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പുതിയ പ്രസ്ഥാനത്തിൽ ചേരുന്നത് എന്തുകൊണ്ടാണെന്നും ഒ.ജെ.പി ചോദിക്കുന്നു. എല്ലാ പാറ്റകളെയും കൊല്ലുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒ.ജെ.പിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

മൃഗങ്ങളുടെ അവകാശങ്ങൾക്കായി ഒരു ആറിന പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്. തെരുവ് മൃഗങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെ കർശന നിയമങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലും ഒ.ജെ.പിയുടെ പ്രതികരണം വന്നിട്ടുണ്ട്. അതുപോലെ, തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയല്ല പ്രവർത്തിക്കുന്നതെന്നും ഒ.ജെ.പി ഇൻസ്റ്റഗ്രാം ബയോയിൽ കുറിച്ചിട്ടുണ്ട്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച സംഭവത്തിൽ വിദ്യാർഥികൾക്ക് നീതി വേണമെന്നും ഒ.ജെ.പി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം വിവാദമായതിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി ഉദയം ചെയ്തത്.

ചുരുങ്ങിയ ദിവസങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ലഭിച്ച സമൂഹമാധ്യമ കൂട്ടായ്മയാണ് സി.ജെ.പി. ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ ഫോളോവേഴ്സിന്റെ എണ്ണം മറികടന്നതോടെ കോക്രോച്ച് ജനതാ പാർട്ടി എന്ന പേജ് എക്സിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഉടനെ, മറ്റൊരു അക്കൗണ്ട് പ്രത്യക്ഷപ്പെടുകയും അതിനും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ഫോളോവേഴ്സ് നിറയുകയും ചെയ്തു. 

Tags:    
News Summary - What is Oggy Janata Party? group questioning Cockroach Janta Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.