സിജെപി പ്രതിഷേധം

നാലുതവണ ചർച്ചക്ക് വിളിച്ചു, എപ്പോൾ എവിടെ വേണമെങ്കിലും ചർച്ചയാകാമെന്ന് കേന്ദ്രം: സർക്കാർ ജന്തർ മന്തറിലെത്തണമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സമരം ശക്തമാക്കുന്നതിനിടെ സി.​ജെ.പി പ്രതിനിധികളുമായി ചർച്ചകൾക്ക് തയാറാണെന്ന് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ നാലുതവണ പ്രതിനിധികളെ ചർച്ചക്ക് സമീപിച്ചെന്നും എപ്പോൾ വേണമെങ്കിലും എത്രസമയവും ചർച്ചക്ക് തയാറാണെന്നും കേന്ദ്ര​മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലോ ഓഫിസിലോ ചർച്ചകൾ നടത്താമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതല കൂടിയുള്ള ജിതേന്ദ്ര സിങ് പറഞ്ഞു. എന്നാൽ, സർക്കാർ പ്രതിനിധികൾ ജന്തർ മന്തറിലെ സമരവേദിയിലെത്തിയാലേ ചർച്ചയുണ്ടാകൂവെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കി. പ്രതിഷേധം അവസാനിപ്പിക്കാതെ രാജ്യവ്യാപക പ്രക്ഷോഭം തുടരാനും സംഘടന തീരുമാനിച്ചു.

വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിൽ എത്തി സർക്കാർ നേരിട്ട് സംസാരിക്കണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ പറഞ്ഞു. സമരവേദി വിട്ട് സർക്കാർ ഓഫീസുകളിലേക്ക് പോകില്ല. ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സി.ജെ.പി നേതാക്കൾ ആവർത്തിച്ചു. ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി, വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം എന്നിവയും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും പ്രതിഷേധം അവസാനിപ്പിച്ച് ചർച്ചാ മേശയിലേക്ക് വരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുറന്ന മനസ്സോടെ ചർച്ചകൾ നടത്താമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചമുതൽ പ്രതിനിധികളുമായി ചർച്ചകൾക്ക് സർക്കാർ നാല് തവണ സമീപിച്ചു. എല്ലാ യുവ സുഹൃത്തുക്കളുമായും സർക്കാർ ചർച്ചകൾക്ക് തയാറാണ്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചർച്ചകൾക്ക് തയാറാണ്. സർക്കാരിന് യാതൊരു മുൻവിധികളുമില്ല. തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാന പ്രശ്‌നമില്ലെന്നും താനും ജെ.പി നഡ്ഡയും ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ചർച്ചകൾക്ക് സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാൻ നിർദ്ദിഷ്ട സ്ഥലം തിരഞ്ഞെടുക്കാനും കേന്ദ്രമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രാധാന്യത്തോടെ കാണുന്നു. ഇന്ന് രാവിലെ അദ്ദേഹം പറഞ്ഞതുപോലെ, യുവാക്കളുടെ താൽപര്യങ്ങൾക്ക് വലിയ മുൻഗണനയും പ്രാധാന്യവും നൽകുന്നു. പേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അതിവേഗ കോടതികളിലൂടെ വിചാരണ ചെയ്യാനുള്ള തീരുമാനം അദ്ദേഹം എടുത്തു. ഇത് വേഗത്തിൽ തീരുമാനം എടുക്കുന്നതിനും നിർണായക നടപടി സ്വീകരിക്കുന്നതിനും സഹായിക്കും. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. അതിനാൽ, ഒരിക്കൽക്കൂടി നിങ്ങളോട് വിനയപൂർവ്വം അഭ്യർഥിക്കുന്നുവെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Centre Ready for Talks Anywhere CJP Demands Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.