കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട ഇംഗ്ലീഷ് പ്രൊഫസറെ ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിച്ച് സോഷ്യൽ മീഡിയ. പശ്ചിമ ബംഗാളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അർപിത ചാറ്റർജിയാണ് സോഷ്യൽ മീഡിയയിൽ വടികൊടുത്ത് അടി വാങ്ങിക്കൂട്ടുന്നത്.രാഹുൽ ഗാന്ധി മുൻപ് 'അന്ധഭക്തരെ' (andhbhakts) കുറിച്ച് നടത്തിയ പരാമർശങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് അർപിത എക്സിൽ കുറിപ്പ് പങ്കുവെച്ചത്.
എന്നാൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുണ്ടെന്നും പി.എച്ച്.ഡി ചെയ്യുകയാണെന്നും അവകാശപ്പെടുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ പോസ്റ്റിലെ വ്യാകരണ പിശകുകളാണ് ഇപ്പോൾ ട്രോളായി മാറിയിരിക്കുന്നത്."പ്രിയ രാഹുൽ ഗാന്ധി, ഞാൻ അഭിമാനിയായ ഒരു അന്ധഭക്തയും അസിസ്റ്റന്റ് പ്രൊഫസറുമാണ്. രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങളും (ഇംഗ്ലീഷ്, എജ്യുക്കേഷൻ) ഒരു ബി.എഡ് ബിരുദവുമുള്ള ഞാൻ പിഎച്ച്ഡിയും ചെയ്യുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ ഒരു അന്ധഭക്തൻ എന്നാൽ ഒരു മണ്ടനാണ്. ഞാൻ ഒരു മണ്ടിയാണോ! നിങ്ങൾക്ക് ഉറപ്പാണോ?" എന്നായിരുന്നു അർപ്പിതയുടെ പോസ്റ്റ്. എന്നാൽ പോസ്റ്റിലെ വ്യാകരണപ്പിശകുകൾ അക്കമിട്ട് നിരത്തി സോഷ്യൽ മീഡിയ 'നിങ്ങൾ തീർച്ചയായും ഒരു മണ്ടിയാണ്' എന്ന് പരിഹസിച്ചു.
രാഷ്ട്രീയമായ വിമർശനത്തേക്കാൾ പ്രൊഫസറുടെ ഭാഷാപരമായ പിശകുകൾക്കാണ് ഇന്റർനെറ്റിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള ഒരാൾ ഇത്തരത്തിൽ തെറ്റുകൾ വരുത്തിയത് പലരെയും അത്ഭുതപ്പെടുത്തി. "having two master's degree" എന്നതിന് പകരം "having two master's degrees" എന്നും "pursuing PhD" എന്നതിന് പകരം "pursuing a PhD" എന്നും വേണമെന്ന് ഉപയോക്താക്കൾ അവരെ തിരുത്തിപ്പഠിപ്പിച്ചു. അനാവശ്യമായി സ്പേസ് ഇട്ടതടക്കം സോഷ്യൽ മീഡിയ പ്രൊഫസർക്ക് തിരുത്തിക്കൊടുത്തു.
“നിങ്ങൾ തീർച്ചയായും ഒരു മണ്ടിയാണ്. നിങ്ങൾക്ക് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദമുണ്ട്, എന്നിട്ടും ഈ പോസ്റ്റിൽ ഏഴോളം വ്യാകരണ തെറ്റുകൾ നിങ്ങൾ വരുത്തി.”“ഈ പോസ്റ്റ് ഇന്ത്യയുടെ ശോചനീയമായ വിദ്യാഭ്യാസ അവസ്ഥയുടെ നേർക്കാഴ്ചയാണ്. ഇംഗ്ലീഷ് മേജർ എടുത്ത ഒരാൾക്ക്, ലളിതമായ ഒരു പാരഗ്രാഫ് പോലും എഴുതാൻ കഴിയുന്നില്ല. അവരുടെ ചോദ്യത്തിന് അവർ തന്നെ ഉത്തരം നൽകുകയും അത് കൃത്യമായി തെളിയിക്കുകയും ചെയ്യുന്നു” എന്നായിരുന്നു ഒരാളുടെ കമന്റ്.“ബിരുദങ്ങൾ കൊണ്ട് മാത്രം അറിവോ വിമർശനാത്മക ചിന്തയോ ലഭിക്കില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇത്രയധികം ബിരുദങ്ങൾ ഉണ്ടായിട്ടും നിങ്ങൾ സ്വയം ഒരു ‘അന്ധഭക്ത’ എന്ന് വിളിക്കുന്നു. അത് വിദ്യാഭ്യാസമല്ല, മറിച്ച് സ്വതന്ത്ര ചിന്തയുടെ കുറവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.” എന്നായിരുന്നു മറ്റൊരു കമന്റ്. “നിങ്ങൾക്ക് ശരിക്കും ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടോ?” എന്നാണ് മറ്റൊരാളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.