ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ ജാതിസെൻസസ് നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുകയാണ്. പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാകും ജാതി സെൻസസിലൂടെ പുറത്തുവരുന്ന വിവരങ്ങൾ.
ലളിതമായി പറഞ്ഞാല്‍, ജാതിതിരിച്ച് ആളുകളുടെ എണ്ണമെടുക്കുകയാണ് ജാതി സെൻസസ്. കേവലം എണ്ണം എന്നതല്ല, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടിയാണ് അത്. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കും.
ജാതി സെൻസസിലൂടെ പുറത്തുവരുന്ന വിവരങ്ങൾ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തും. പിന്നാക്ക സമൂഹങ്ങളുടെ യഥാർഥ അവസ്ഥ എന്താണ്, അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പുറത്തെത്തും. ഇത്, സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ സാമൂഹിക നീതിയുടെ പ്രതിഫലനമാകും.
ബ്രിട്ടീഷ് ഇന്ത്യയിൽ 1931വരെ ജാതി സെൻസസ് നടന്നിട്ടുണ്ട്. 1955ലെ കാകാ കലേക്കർ കമീഷൻ സർക്കാറിനു മുമ്പാകെവെച്ച ശിപാർശകളിൽ ആദ്യേത്തത് 1961 മുതൽ ജാതി സെൻസസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാൽ, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എൺപതുകളിൽ മണ്ഡൽ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ജാതി സെൻസസ് എന്നത് വീണ്ടും സജീവ ചർച്ചാവിഷയമായി. 2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്നപേരിൽ അത് നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ജാതിരഹിത ഭാരതീയ സമൂഹമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന വിശദീകരണമാണ് ജാതി സെൻസസ് എന്ന വാദം ഉയരുമ്പോഴെല്ലാം ഭരണത്തിലിരിക്കുന്നവർ നൽകിയിട്ടുള്ളത്. ഭാരതത്തിലെ ജനങ്ങളെല്ലാം ഭാരതീയരാണെന്ന നിലപാട് ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നട്ടെല്ലായ ആർ.എസ്.എസ് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. പുതിയ സെൻസസിലൂടെ മറ്റു പിന്നാക്ക സമുദായങ്ങളുടെ യഥാർഥ കണക്ക് കൺമുമ്പാകെ വന്നാൽ കേന്ദ്ര-സംസ്ഥാന സർവിസുകളിലെ സവർണ കുത്തക അനിഷേധ്യമായി വെളിപ്പെടും. ജനസംഖ്യാപരമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാദത്തമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിെൻറ നഗ്നമായ ചിത്രം തെളിയും. ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന കടുത്ത സാമൂഹിക അനീതി പകൽ പോലെ പുറത്താവുകയും ചെയ്യും. കൂടാതെ, പല സംസ്ഥാനങ്ങളിലും ചില ജാതികൾ പിടിച്ചുവാങ്ങിയ അമിത പ്രാതിനിധ്യവും ശക്തമായി ചോദ്യം ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.