അസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: സിന്ദൂർ ഓപറേഷനെ കുറിച്ച് വിലയിരുത്താനായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും പങ്കെടുത്തു. ആഗോള ഭീകരസംഘടനയായ ലഷ്‍കറെ ത്വയ്യിബയുടെ ശാഖയായ റെസിസ്റ്റന്റ് ഫ്രണ്ടിനെതിരെ ആഗോളതലത്തിൽ കാമ്പയിൻ നടത്തണമെന്ന് ഉവൈസി യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ യു.എസിൽ സമ്മർദം ചെലുത്തണം.
പാകിസ്താനെ എഫ്.എ.ടി.എഫിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു. തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്ന ആഗോള നിരീക്ഷണ സംഘമാണ് എഫ്.എ.ടി.എഫ്(ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്). നാലു വർഷത്തിന് ശേഷം 2022ൽ പാകിസ്താനെ ഗ്രേ പട്ടികയിൽ നിന്ന് എഫ്.എ.ടി.എഫ് ഒഴിവാക്കിയിരുന്നു.
അതിനിടെ സിന്ദൂർ ഓപറേഷന് നേതൃത്വം നൽകിയ സായുധ സേനയെയും കേന്ദ്രസർക്കാറിനെയും ഉവൈസി അഭിനന്ദിച്ചു.
സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉറപ്പുനൽകി.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരും വിവിധ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.