ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയില്‍നിന്ന് പുറത്താക്കിയവർക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ചെയ്യാത്തതിൽ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. പട്ടികയിൽനിന്ന് പുറത്തായവരെ പാർട്ടികൾ സഹായിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് അതത് ബൂത്തുകളിലെ ആളുകളെ സഹായിക്കാന്‍ തങ്ങളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോടാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിഷയത്തില്‍ ഹരജിക്കാരല്ലാത്ത എല്ലാ അംഗീകൃത പാര്‍ട്ടികളെയും കോടതി ഹര്‍ജികളില്‍ എതിര്‍കക്ഷികളായി ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകദേശം 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ഉണ്ടായിട്ടും അവരില്‍നിന്ന് രണ്ട് എതിര്‍പ്പുകള്‍ മാത്രമാണ് വന്നതെന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാല്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ നല്‍കുന്ന എതിര്‍പ്പുകള്‍ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചു. പരാതികള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രസീതുകള്‍ നല്‍കുന്നില്ലെന്ന ഹരജിക്കാരുടെ ആശങ്ക പരിഗണിച്ച്, ഫോമുകള്‍ നേരിട്ട് സമര്‍പ്പിക്കുന്നിടത്തെല്ലാം ബി.എല്‍.ഒമാര്‍ രസീത് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഇതിനിടെ, കോടതി നിര്‍ദേശിച്ച പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പേരുകളും ഒഴിവാക്കാനുള്ള കാരണങ്ങളും അടങ്ങിയ പട്ടിക വെബ്‌സൈറ്റുകളിലും പോളിങ് ബൂത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കേസ് ഇനി സെപ്റ്റംബർ എട്ടിന് കേൾക്കും. എസ്.ഐ.ആറിൽ സമയം നീട്ടി നല്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
വോട്ടർമാരുടെ വോട്ടവകാശം അനുവദിക്കാൻ അംഗീകൃതമായ 11 രേഖകൾ അല്ലെങ്കിൽ ആധാർ കാർഡ് സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. മുഴുവൻ നടപടിക്രമങ്ങളും വോട്ടർ സൗഹൃദപരമായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ബിഹാർ എസ്.ഐ.ആറിനായി ഇല്ലാതാക്കിയ വോട്ടർമാരുടെ ക്ലെയിമുകൾ ഓഫ്ലൈനായി മാത്രമല്ല, ഓൺലൈനായും സമർപ്പിക്കാൻ തങ്ങൾ അനുവദിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ഫോമുകൾ സമർപ്പിക്കുന്നതിന് വോട്ടർമാരെ സഹായിക്കുന്നതിന് ബി.എൽ.എമാർക്ക് പ്രത്യേക നിർദേശങ്ങൾ നൽകണം. ഫോമുകൾ സമർപ്പിക്കുന്നിടത്തെല്ലാം ബൂത്ത് ലെവൽ ഓഫിസർമാർ അത് സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്ന പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ശരിയായ പരിശോധന കൂടാതെയാണ് യഥാർഥ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ആശങ്ക ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആവശ്യമായ 11 രേഖകളിൽ ആധാർ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ എസ്.ഐ.ആർ നടപടിക്രമം അന്യായമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാർ മറ്റ് രേഖകളിൽനിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്ന ഒരു രേഖയാണെന്നും അവർ പറഞ്ഞു.
എസ്.ഐ.ആർ നടപടിക്രമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടുവോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം ആളുകളുടെ പേരുകൾ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയിരുന്നു. പട്ടികയിൽനിന്ന് ഇല്ലാതാക്കിയ പേരുകൾ ഈ മാസം 19നകം പ്രസിദ്ധീകരിക്കാനും 22നകം റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി ഇ.സിയോട് നിർദേശിച്ചതിനെ തുടർന്നായിരുന്നു ഇത്. സുപ്രീംകോടതി നിർദേശ പ്രകാരം ഓൺലൈനായും പട്ടിക പ്രസിദ്ധീകരിച്ചു. റോഹ്താസ്, ബെഗുസാരായി, അർവാൾ, സിവാൻ, ഭോജ്പൂർ, ജെഹനാബാദ്, ലഖിസാരായി, ബങ്ക, ദർഭംഗ, പൂർണിയ തുടങ്ങിയ സ്ഥലങ്ങളിലെ പോളിങ് ബൂത്തുകളിൽ പട്ടികകൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബിഹാറിലെ ചീഫ് ഇലക്ടറൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.