ന്യൂഡൽഹി: സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെതിരെ പശ്ചിമബംഗാൾ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹരജി നിലനിൽക്കുമെന്ന് സുപ്രീംകോടതി. ഹരജിയിൽ കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾ നിരാകരിച്ച് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
സി.ബി.ഐക്ക് സംസ്ഥാനത്ത് കേസുകളിൽ അന്വേഷണം നടത്താനുള്ള പൊതുഅനുമതി റദ്ദാക്കിയിട്ടും കേന്ദ്രസർക്കാറിന്റെ നിർദേശ പ്രകാരം ഏജൻസി സംസ്ഥാനത്ത് കേസുകളിൽ അന്വേഷണം നടത്തുന്നതിനെതിരെയായിരുന്നു പശ്ചിമബംഗാൾ സർക്കാറിന്റെ ഹരജി. 2018ലാണ് പശ്ചിമബംഗാൾ സർക്കാർ സി.ബി.ഐക്ക് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള പൊതു അനുമതി റദ്ദാക്കിയത്.
മെയ് എട്ടിന് ഹരജി നിലനിൽക്കുമോയെന്നതിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കുകയായിരുന്നു. ഒടുവിൽ കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. പശ്ചിമബംഗാൾ സർക്കാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്.
പൊതു അനുമതി റദ്ദാക്കിയതിന് ശേഷം അന്വേഷണത്തിനായി കേന്ദ്രസർക്കാറിന് സി.ബി.ഐയെ പശ്ചിമബംഗാളിലേക്ക് അയക്കാനാവില്ലെന്ന് കപിൽ സിബൽ വാദിച്ചു.എന്നാൽ, സി.ബി.ഐ സ്വതന്ത്ര ഏജൻസിയാാണെന്നും കേന്ദ്രസർക്കാർ അതിന്റെ അന്വേഷണങ്ങളിൽ മേൽനോട്ടം വഹിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രത്തിനായി കോടതിയിൽ ഹാജരായ തുഷാർ മേത്തയുടെ വാദം. ഹരജി നിലനിൽക്കില്ലെന്നും കേന്ദ്രം വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.