പശ്ചിമ ബംഗാളിൽ 250 മദ്‌റസകൾ അടച്ചുപൂട്ടുന്നു; സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് വിശദീകരണം
കൊൽക്കത്ത: സർക്കാർ അംഗീകൃതമായ 250 സ്വകാര്യ മദ്‌റസകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് പശ്ചിമ ബംഗാൾ മന്ത്രിസഭ. അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്നും വിദ്യാർഥികളുടെ എണ്ണം വളരെ കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. സംസ്ഥാന വ്യാപകമായി ആവശ്യമായ അനുമതിയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന് ആരോപിച്ച് 252 അനധികൃത മദ്‌റസകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയും ഏകദേശം 100 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
നിലവിൽ പഠിക്കുന്ന വിദ്യാർഥികളെ പരിഗണിച്ച് ഈ മദ്‌റസകൾക്ക് ഡിസംബർ വരെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് ഒരു ഉഗ്യോഗസ്ഥൻ വെളിപ്പെടുത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവുമായ 250 സ്വകാര്യ മദ്‌റസകൾ അടച്ചുപൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ വരെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടാകും - ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാനത്തുടനീളം സർക്കാർ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഏകദേശം 2,500 മദ്‌റസകൾ ഭാവിയിൽ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ക്രമക്കേടുകൾ ആരോപിച്ച് മറ്റ് 100 മദ്‌റസകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ആഴ്ച മദ്റസകൾ ഭീകരർക്ക് അഭയം നൽകുന്നുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാൾ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു മദ്റസയും അനുവദിക്കില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. നിയമവിരുദ്ധമായ ഒന്നും സഹിക്കില്ലെന്നും അനുമതി ഇല്ലാത്തിടത്ത് പ്രവർത്തനം തുടരാനാവില്ലെന്നും പ്രവർത്തിക്കണമെങ്കിൽ സർക്കാരിൽ നിന്ന് അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മദ്റസകൾക്കെതിരായ ആശങ്ക പുതിയതല്ലെന്നും കഴിഞ്ഞ 20 വർഷമായി ഇത് നിലനിൽക്കുന്നുണ്ടെന്നും പല നേതാക്കളും ഇക്കാര്യം ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും ഇത്തവണ സർക്കാർ തന്നെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് എത്തുന്ന ഭീകരർ മദ്റസകളിൽ ഒളിവിൽ കഴിയുന്നുണ്ടെന്നും ബംഗാളിലെ ഭീകരാക്രമണങ്ങളിൽ മദ്റസ അധ്യാപകർക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിന് തെളിവുകളോ മറ്റോ അദ്ദേഹം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.