രാഹുൽ ഗാന്ധി
‘ഭരണഘടനയുടെ ശത്രുക്കൾ തുറന്നുകാട്ടപ്പെട്ടു, നീതി പുലരും; തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുൽ ഗാന്ധി, വൈകീട്ട് നാലിന് വാർത്തസമ്മേളനം
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ വഴിവിട്ട നീക്കങ്ങൾ രണ്ടു കമീഷണർമാർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുന്നു. ഇന്ന് വൈകീട്ട് നാലിനാണ് വാർത്തസമ്മേളനം വിളിച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
‘ഭരണഘടനയുടെ ശത്രുക്കൾ തുറന്നുകാട്ടപ്പെട്ടു, നീതി നടപ്പാക്കപ്പെടും. വൈകീട്ട് നാലിന് മാധ്യമങ്ങളെ കാണും’ -രാഹുൽ എക്സിൽ കുറിച്ചു. 10 മാസത്തിനിടയിൽ 14 തവണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ വഴിവിട്ട നടപടികൾ ചോദ്യംചെയ്തതായ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. ഈ രണ്ട് കമീഷണർമാർ ഔദ്യോഗികമായി തങ്ങളുടെ വിയോജിപ്പുകൾ ഫയലുകളിൽ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. പല പ്രധാന തീരുമാനങ്ങളും തങ്ങൾ അറിയാതെയാണ് എടുത്തതെന്നും അവർ ആരോപിച്ചു.
എസ്.ഐ.ആറിൽ നിലവിലുള്ള വോട്ടർമാരെ വെട്ടിമാറ്റാനും പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കാനും ഗ്യാനേഷ് ഏകപക്ഷീയമായി കൈക്കൊണ്ട നടപടികളെ എതിർത്ത ഇരു കമീഷണർമാരും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടർമാരുടെ ഡേറ്റാബേസ് താഴെ തട്ടിലുള്ള ഓഫിസർമാരറിയാതെ ഡൽഹിയിൽ കേന്ദ്രീകൃത നിയന്ത്രണത്തിലാക്കിയതും ചോദ്യം ചെയ്തു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഒരു ദിവസം നാലുതവണ വരെ ഗ്യാനേഷിന്റെ നടപടികളോടുള്ള എതിർപ്പ് കമീഷണർമാർ രേഖപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
എസ്.ഐ.ആറിന്‍റെ പേരിൽ വോട്ടർമാരെ വെട്ടിമാറ്റുന്നതിനെതിരെ നേരത്തെ തന്നെ രാഹുൽ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമീഷനെ വോട്ടുചോരി ആയോഗ് എന്നാണ് വിശേഷിപ്പിച്ചത്. ‘വോട്ടുചോരി’യുടെ പിൻബലത്തിൽ അധികാരത്തിലേറിയ സർക്കാറിന് ജനം വലിയ വില കൽപ്പിക്കില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു. അതേസമയം, ഭിന്നത സ്ഥിരീകരിച്ചും ന്യായീകരിച്ചും കമീഷൻ തന്നെ രംഗത്തുവന്നു. ഒന്നിലേറെ അംഗങ്ങളുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിൽ ആഭ്യന്തര ചർച്ചകൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ടാകാമെന്ന് കമീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കമീഷന്റെ പ്രവർത്തനത്തെ അത്തരം അഭിപ്രായ ഭിന്നതകൾ ബാധിച്ചിട്ടില്ലെന്നും രേഖാമൂലമുള്ള കുറിപ്പുകളും നിരീക്ഷണങ്ങളും സാങ്കേതിക നിർദേശങ്ങളും കമീഷന്റെ സാധാരണ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അത് ഭരണപരമായ നടപടിക്രമമാണെന്നും അന്തിമ തീരുമാനം നിയമപ്രകാരമാണ് ചെയ്തിട്ടുള്ളതെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.