'ഭയപ്പെടുത്തി കീഴ്‌പെടുത്താനാകില്ല, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം വേട്ടയാടുന്നു'; ഇ.ഡി റെയ്ഡിനെതിരെ പ്രതിഷേധവുമായി ആം ആദ്മി

ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും ഭരണസ്തംഭനം ഉണ്ടാക്കാനും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മറ്റ് അന്വേഷണ ഏജൻസികളെയും ആയുധമാക്കുകയാണെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) ആരോപിച്ചു. മൊഹാലിയിലെ ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ (GMADA) ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വസതികളിലും ഇ.ഡി നടത്തിയ വ്യാപകമായ റെയ്ഡുകൾക്ക് പിന്നാലെയാണ് പാർട്ടി വിഷയത്തിൽ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.

കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രേരിതമായ ഇത്തരം നടപടികൾക്ക് മുന്നിൽ പഞ്ചാബ് ഒരിക്കലും തലകുനിക്കില്ലെന്നും ഭയപ്പെടുകയോ കീഴടങ്ങുകയോ ഇല്ലെന്നും പ്രഖ്യാപിച്ച എ.എ.പി നേതാക്കൾ, ഇതിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജിമാഡ ഓഫീസിന് പുറത്ത് എ.എ.പി പ്രവർത്തകർ വലിയ തോതിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്. 2014 മുതൽ സി.ബി.ഐ, ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രം കേന്ദ്ര സർക്കാർ ഇത്തരം ഏജൻസികളെ ലക്ഷ്യമിട്ട് അയക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പുകൾക്ക് മുന്നേ സമാനമായ രീതിയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണ വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ജിമാഡ ഓഫീസുകളിലും, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ വികാസ് ഗാർഗിന്റെ ഓഫീസുകളിലും, ഡൽഹി കേന്ദ്രീകരിച്ചുള്ള ഒരു റിയൽറ്റി കമ്പനിയിലും കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകൾ രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. കൂടാതെ, ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ ഉപയോഗിക്കുന്ന ചണ്ഡിഗഢിലെ സെക്ടർ 39-ലെ വസതിയിലും ഇ.ഡി പരിശോധന നടന്നു. പരിശോധനാ സമയത്ത് സത്യേന്ദർ ജെയിൻ അവിടെ ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥർ പൂട്ട് തകർത്താണ് അകത്തുപ്രവേശിച്ചതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനുപുറമെ, പഞ്ചാബ് മന്ത്രി ഹർദീപ് സിങ് മുണ്ടിയായുടെ ബന്ധുവിന്റെ ലുധിയാനയിലെ സാഹ്നേവലിലുള്ള വസതിയിലും ഏജൻസി പരിശോധന നടത്തിയിരുന്നു.

രാഷ്ട്രീയ എതിരാളികളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും, പഞ്ചാബിനെ അടിച്ചമർത്താൻ നോക്കിയാൽ ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ ചെറുക്കുമെന്നും എ.എ.പി ആവർത്തിച്ചു വ്യക്തമാക്കി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഇ.ഡി റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമായി വർദ്ധിച്ചിരിക്കുകയാണെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി.

Tags:    
News Summary - 'ഭയപ്പെടുത്തി കീഴ്‌പെടുത്താനാകില്ല, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം വേട്ടയാടുന്നു'; ഇ.ഡി റെയ്ഡിനെതിരെ പ്രതിഷേധവുമായി ആം ആദ്മി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.