മദ്രാസ് ഹൈകോടതി


'കോടതി നടപടികൾ മുറിവ് തിരിച്ചറിയാൻ മാത്രമല്ല, അതിന് മരുന്ന് വെക്കാനും കൂടിയുള്ളതാണ്'; മദ്രാസ് ഹൈകോടതി

ചെന്നൈ: നീതിന്യായ വ്യവസ്ഥ എന്നത് ഹരജിക്കാരന്റെ അല്ലെങ്കിൽ കേസ് നൽകുന്നയാളുടെ 'മുറിവ്' തിരിച്ചറിയാൻ മാത്രമല്ല, അതിന് നിയമപരമായി പരിഹാരം കാണാൻ കൂടിയുള്ളതാണെന്ന് മദ്രാസ് ഹൈകോടതി. വ്യവഹാരങ്ങളുടെ മാനുഷിക വശങ്ങൾ കോടതികൾ എപ്പോഴും ഓർമിക്കണമെന്നും, നിയമപരമായ നടപടിക്രമങ്ങളുടെ സങ്കീർണതകൾ നീതി വൈകിപ്പിക്കാനോ നേർപ്പിക്കാനോ പൂർണമായി നിഷേധിക്കാനോ ഉള്ള ഉപകരണമായി മാറരുതെന്നും കോടതി ഓർമിപ്പിച്ചു. ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

ദീർഘകാലമായി തുടരുന്ന പങ്കാളിത്ത തർക്കവുമായി ബന്ധപ്പെട്ട് വിചാരണ കോടതി വിധിക്കെതിരെ സമർപ്പിച്ച വാണിജ്യ അപ്പീൽ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. വർഷങ്ങളായി വിവിധ സിവിൽ, ആർബിട്രേഷൻ വ്യവഹാരങ്ങളിലൂടെ നീങ്ങിയിട്ടും പ്രായമായ ഒരു സ്ത്രീയായ ഹരജിക്കാരിയുടെ പ്രധാന അവകാശവാദങ്ങളിൽ ഗുണദോഷവിചാരം നടത്തി നീതി ലഭ്യമാക്കിയിരുന്നില്ല. കേസിന്റെ യഥാർത്ഥ കാതൽ പരിഹരിക്കാതെ തെറ്റായ നിയമപരമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിക്കുകയും, തുടർന്ന് നിയമപരമായി ബാധകമല്ലാത്ത മറ്റൊരു വഴി തേടാൻ ഹരജിക്കാരോട് നിർദ്ദേശിക്കുകയും ചെയ്യുന്നത് നീതി നിർവ്വഹണത്തിന് സഹായകരമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

'വ്യവഹാരികൾ അനീതിയാൽ കഷ്ടപ്പെടുന്ന 'നിയമപരമായ രോഗികളാണ്', തങ്ങളുടെ മുറിവുകൾക്ക് സൗഖ്യം തേടിയാണ് അവർ കോടതികളെ സമീപിക്കുന്നത്' എന്ന ഇതിഹാസ ന്യായാധിപൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകൾ ഹൈകോടതി ഓർമിപ്പിച്ചു. നടപടിക്രമങ്ങളുടെ ചക്രവ്യൂഹത്തിൽ ഹരജിക്കാരെ തളച്ചിടാതെ കോടതികൾ ഫലപ്രദമായ പരിഹാരം നൽകുകയാണ് വേണ്ടത്. നിലവിലുള്ള നിയമസംവിധാനം വ്യക്തമായ ഉത്തരം നൽകാത്ത സന്ദർഭങ്ങളിൽ നീതി, സമത്വം, മനസ്സാക്ഷി എന്നിവയുടെ അടിസ്ഥാനത്തിൽ തർക്കങ്ങൾ പരിഹരിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി മുൻ വിധികളും ബെഞ്ച് ചൂണ്ടിക്കാട്ടി.

നടപടിക്രമങ്ങളിലെ കാലതാമസങ്ങളും സാങ്കേതിക നൂലാമാലകളും കാരണം വർഷങ്ങളായി നീതി തേടുന്ന ഒരു വയോധികയായ ഹരജിക്കാരി വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യവഹാരത്തിന്റെ ഭാരം സാധാരണ നീതിബോധത്തിന് അപ്പുറത്തേക്ക് അവരുടെ പോരാട്ടത്തെ നീട്ടിക്കൊണ്ടുപോയി. അതിനാൽ ഈ കേസിനെ വെറും സാങ്കേതിക നിയമങ്ങളുടെ കണ്ണിലൂടെ മാത്രം കാണാനാവില്ലെന്നും മാനുഷിക വശങ്ങൾ പരിഗണിച്ച് സ്വാഭാവിക നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്ന് വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ ഹൈകോടതി, ഹരജിക്കാരിക്ക് അനുകൂലമായി ചെലവ് സഹിതം അപ്പീൽ അനുവദിച്ചു. അപ്പീൽക്കാരിക്കായി മുതിർന്ന അഭിഭാഷകൻ വി. രാഘവാചാരിയും, എതിർകക്ഷിക്കായി മുതിർന്ന അഭിഭാഷകൻ എസ്. മീനാക്ഷി സുന്ദരവും ഹാജരായി.

Tags:    
News Summary - Courts Must Heal Litigant’s Wounds, Not Just Identify Them: Madras HC on Substantive Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.