'ഗ്യാനേഷ് ബ്രോ, കളി കഴിഞ്ഞു'; തെരഞ്ഞെടുപ്പ് കമീഷനെതിരെ 'പാറ്റകൾ', മുന്നറിയിപ്പുമായി അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനിലെ ആഭ്യന്തര ഭിന്നതകൾ വൻ വിവാദമായി പുകയുന്നതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി 'കോക്രോച്ച് ജനതാ പാർട്ടി'. "ഗ്യാനേഷ് ബ്രോ, കളി കഴിഞ്ഞു" എന്ന നേരിട്ടുള്ള മുന്നറിയിപ്പുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കേയാണ് രംഗത്തെത്തിയത്. വോട്ടവകാശം സംരക്ഷിക്കപ്പെടാതെ രാജ്യത്ത് മറ്റെന്ത് വിഷയങ്ങളിൽ ഇടപെട്ടിട്ടും കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് 'പാറ്റകൾ' എന്നറിയപ്പെടുന്ന ഈ യുവ രാഷ്ട്രീയ കൂട്ടായ്മ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ സമരം കടുപ്പിക്കുന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളെല്ലാം റദ്ദാക്കിയാണ് സി.ജെ.പി ഡൽഹിയിൽ അടിയന്തര വാർത്താസമ്മേളനം വിളിച്ചുചേർത്തത്. "ഇന്ത്യൻ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നു" എന്ന വിഷയത്തിലായിരിക്കും വാർത്ത സമ്മേളനമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർന്നുവെന്നും വോട്ടർമാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണെന്നും സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു.

പരീക്ഷാ ക്രമക്കേടുകൾ, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ എത്ര കാമ്പയിനുകൾ നടത്തിയാലും അടിസ്ഥാനപരമായ വോട്ടവകാശം നഷ്ടപ്പെട്ടാൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് സൗരവ് ദാസ് ചൂണ്ടിക്കാട്ടി. രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രധാന മാർഗം തെരഞ്ഞെടുപ്പാണ്. എന്നാൽ ആ പ്രക്രിയ തന്നെ അട്ടിമറിക്കപ്പെട്ടാൽ പുതിയ തലമുറയ്ക്ക് എങ്ങനെ മാറ്റം സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.

വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും മറ്റു കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സി.ജെ.പിയുടെ നീക്കം. വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും കമീഷൻ എടുത്ത തീരുമാനങ്ങളിൽ കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ ഇരുവരും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

എസ്.ഐ.ആർ പ്രക്രിയ ഉടനടി റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിഷയം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് കമീഷനെതിരെ നേരിട്ട് രംഗത്തിറങ്ങാൻ സി.ജെ.പിയും തീരുമാനിച്ചത്.

Tags:    
News Summary - 'Gyanesh Bro, It’s Done': Cockroach Janta Party Targets Election Commission Over Internal Rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.