കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെയും നീതിനിഷ്ഠയെയും ചോദ്യം ചെയ്ത് പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. വോട്ടർ പട്ടികയിൽ നിന്ന് 27 ലക്ഷത്തോളം വോട്ടർമാരെ അന്യായമായി ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി എക്‌സിലൂടെയാണ് റാഠി രൂക്ഷവിമർശനം ഉന്നയിച്ചത്. ഒഴിവാക്കപ്പെട്ടവർ മരിച്ചവരോ നുഴഞ്ഞുകയറ്റക്കാരോ അല്ലെന്നും മറിച്ച് തങ്ങളുടെ വോട്ടവകാശം പുനസ്ഥാപിക്കാനായി അപ്പീൽ നൽകി കാത്തിരിക്കുന്ന യഥാർഥ വോട്ടർമാരാണെന്നും ധ്രുവ് ചൂണ്ടിക്കാട്ടി.
വോട്ടർമാരുടെ അപ്പീലുകളിൽ ട്രിബ്യൂണലുകൾ അന്തിമ തീരുമാനമെടുക്കുന്നത് വരെ ബംഗാൾ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സുപ്രീം കോടതി തയാറാകാതിരുന്നത് ജനാധിപത്യപരമായ വീഴ്ചയാണെന്ന് റാഠി ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം എത്തുമ്പോഴേക്കും കേവലം 1607 പേരുടെ വോട്ടുകൾ മാത്രമാണ് പുനഃസ്ഥാപിച്ചത്. പരിശോധിക്കപ്പെട്ട അപ്പീലുകളിൽ ഭൂരിഭാഗവും വോട്ടർമാരെ തെറ്റായ രീതിയിലാണ് പട്ടികയിൽനിന്ന് നീക്കം ചെയ്തതെന്ന് തെളിയിക്കുന്നവയായിരുന്നു. വൻതോതിൽ വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ട ഈ സാഹചര്യത്തെ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് 'നീതിപൂർവമായ തെരഞ്ഞെടുപ്പ്' എന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ പക്ഷപാതപരമായ ദിശയിലേക്കാണ് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ, ഇ.ഡി, സി.ബി.ഐ തുടങ്ങിയ സംവിധാനങ്ങളുടെ നീതിരഹിതമായ ഇടപെടലുകൾക്കിടയിലും ജയം നേടാമെന്ന ഉറച്ച വിശ്വാസവുമായാണ് പ്രതിപക്ഷ പാർട്ടികൾ പതിവുപോലെ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഓരോ തവണയും പ്രതിപക്ഷത്തിന്റെ ഈ കണക്കുകൂട്ടലുകൾ തെറ്റുന്നതായാണ് കാണുന്നത്. 27 ലക്ഷം വോട്ടർമാരുടെ അപ്പീലുകളിൽ തീർപ്പാകുന്നത് വരെ തൃണമൂൽ കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ ബഹിഷ്കരിക്കണമായിരുന്നുവെന്നും എത്രത്തോളം അനീതി സഹിച്ചും ഈ സംവിധാനത്തിന്റെ ഭാഗമാകണം എന്ന കാര്യത്തിൽ പ്രതിപക്ഷം പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.