കൊൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രികളിൽ സുരക്ഷ ശക്തമാക്കാൻ ആരോഗ്യവകുപ്പിനും പൊലീസിനും കർശന നിർദേശം നൽകി മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും തുടർച്ചയായ ലൈംഗികാതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മമതയുടെ നിർദേശം. ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് മമതയുടെ നിർദേശം. ആശുപത്രികളിലെ സുരക്ഷയെ കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. പശ്ചിമ ബംഗാളിലെ ആരോഗ്യവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. സുരക്ഷ വീഴ്ചയുണ്ടായാൽ മറുപടി പറയേണ്ടത് താനാണെന്നും മമത ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡി.ജി.പി, ജില്ലാ മജിസ്ട്രേറ്റുമാർ, പൊലീസ് സൂപ്രണ്ടുമാർ, ചീഫ് മെഡിക്കൽ ഓഫിസർമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
മുഖ്യമന്ത്രി ഫോൺ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനആരോഗ്യ വകുപ്പിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ചില പരിപാടികൾ മനഃപൂർവം ആസൂത്രണം ചെയ്തതായിരിക്കാമെന്നും മമത ആശങ്ക പ്രകടിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ മോശം കാര്യങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും അതിനാൽ കർശന സുരക്ഷ അനിവാര്യമാണെന്നും മമത ഓർമിപ്പിച്ചു.
കുടുംബാംഗങ്ങൾക്കൊപ്പം കൊൽക്കത്ത ആശുപത്രി സന്ദർശിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് എസ്‌എസ്‌കെഎം ആശുപത്രി അധികൃതരെയും അവർ വിമർശിച്ചു . മുൻ ജീവനക്കാരന് ആശുപത്രിയിൽ പ്രവേശിച്ച് പെൺകുട്ടിയെ എങ്ങനെ പീഡിപ്പിച്ചു എന്നതിനെക്കുറിച്ച് എസ്‌എസ്‌കെഎം ആശുപത്രി അധികൃതരിൽ നിന്ന് മുഖ്യമന്ത്രി മറുപടി ആവശ്യപ്പെടുകയും വീഴ്ചയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെക്കുറിച്ചും സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിലെ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനും ആവശ്യമുള്ളിടത്തെല്ലാം അവ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദേശം നൽകി. സുരക്ഷ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട പരിശീലനം, സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക, രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സൗകര്യങ്ങൾ എന്നിവയാണ് നടപടികളിൽ ഉൾപ്പെടുന്നത്. ചികിത്സക്കായി വരുന്നവരെ ഉപദ്രവിക്കുന്നത് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല. അത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മമത നിർദേശിച്ചു.
ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് മെഡിക്കൽ ജീവനക്കാർ, രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കരാർ ജീവനക്കാരും താൽകാലിക ജീവനക്കാരും ഉൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും എല്ലായ്‌പ്പോഴും ശരിയായ തിരിച്ചറിയൽ കാർഡുകൾ കൈവശം വയ്ക്കണമെന്ന് അധികൃതർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ശരിയായ യൂണിഫോം ധരിക്കണമെന്നും ഐ.ഡി പ്രദർശിപ്പിക്കണമെന്നും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
പുതിയ നടപടികളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുമെന്നും കൂടുതൽ ക്യാമറകൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും താൽക്കാലിക തൊഴിലാളികൾക്ക് ഐ.ഡി വിതരണം ക്രമപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങളും അഡ്മിനിസ്ട്രേറ്റർമാരും പറഞ്ഞു. ആശുപത്രി പരിസരത്ത് സി.സി.ടി.വി കവറേജ് വിപുലീകരിക്കാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
നിർദേശങ്ങൾ ഉടനടി നടപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങൾ ആശുപത്രി മാനേജ്‌മെന്റുകളുമായി ഏകോപിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു. പൂർണമായി നടപ്പാക്കുന്നതിനുള്ള സമയപരിധി സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി സർക്കാർ ആശുപത്രികളിൽ നിരവധി ലൈംഗികാതിക്രമങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമുണ്ടായി.
ഈ മാസം ആദ്യം, ഹൗറ ജില്ലയിലെ ഉലുബേരിയ മെഡിക്കൽ കോളജിൽ ജൂനിയർ വനിതാ ഡോക്ടറെ രോഗികളുടെ ബന്ധുക്കൾ ലൈംഗികമായി പീഡിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം കൊൽക്കത്ത ആശുപത്രി സന്ദർശിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സംഭവത്തിലും മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.