??????????? ????????? ???? ??????? ?????????????? ??????????? ???????????? ???????

ദുബെയുടെ വീടിനെക്കുറിച്ച്​ ഒന്നുമറിഞ്ഞില്ല; ഞങ്ങൾക്ക്​ നേരെ തുരുതുരെ വെടിവെച്ചു -വെടിയേറ്റ പൊലീസുകാരൻ

ലഖ്​നോ: കുപ്രസിദ്ധ കുറ്റവാളി വികാസ്​ ദുബെയെ പിടികൂടാനുള്ള ദൗത്യത്തിൽ പ​ങ്കെടുത്ത പൊലീസുകാർക്ക്​ അവിടേക്കുള്ള വഴിപോലും  അറിയില്ലായിരുന്നുവെന്ന്​ രക്ഷപ്പെട്ട പൊലീസുകാരൻ. ദുബെയുടെ അനുയായികൾ ​നടത്തിയ വെടിവെപ്പിൽ ഓടിരക്ഷപ്പെടാൻ പോലും കഴിയാതെ എട്ട്​ പൊലീസുകാരാണ്​ െകാല്ലപ്പെട്ടത്​. കൈക്ക്​ വെടിയേറ്റ്​ തലനാരിഴക്ക്​ രക്ഷപ്പെട്ട പൊലീസുകാരൻ അജയ് കശ്യപ് സംഭവദിവസം നടന്ന കാര്യങ്ങൾ ‘ദ ക്വിൻറി’​േനാട്​ വിശദീകരിച്ചു.

“ജൂലൈ രണ്ടിന്​ രാത്രി 12. 30നായിരുന്നു ദുബെയുടെ വസതിയിലെ പൊലീസ്​ ഓപറേഷൻ. ഏറ്റുമുട്ടലിൽ മരിച്ച മഥുര സ്വദേശി ജിതേന്ദ്ര പാലും ഞാനും ഞങ്ങളുടെ സ്​റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. രാത്രി 12 മണിയോടെ മറ്റൊരു പ്രദേശത്തേക്ക് പോകണമെന്ന് പറഞ്ഞു. ഞങ്ങളുടെ സ്റ്റേഷനിൽനിന്ന് രണ്ട് കാറുകളിലായി 10 പേരാണ്​ പോയത്​ ” -അജയ് കശ്യപ് പറഞ്ഞു. 

അജയ് കശ്യപ്​ ബുലന്ദ്‌ഷഹർ ജില്ലയിലെ വീട്ടിൽ കുടുംബത്തോടൊപ്പം (ഫോട്ടോ: ക്വിൻറ്​)
 

ഗ്രാമം പൂർണ ഇരുട്ടിലായിരുന്നു
ഞങ്ങളുടെ കാറിന്​ പുറമെ ഒരൂ കാറിൽകൂടി പൊലീസുകാർ ഉണ്ടായിരുന്നു. മൂന്ന്​ കാറും രാത്രി 12.30 ഓടെ ബിക്കാരു ഗ്രാമത്തിലെത്തി​. ഇതിനുമുമ്പ് ഞങ്ങൾ ഒരിക്കലും ആ ഗ്രാമത്തിൽ പ്രവേശിച്ചിരുന്നില്ല. പ്രദേശത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഏത് വഴിയാണ് പോകുക എന്നുപോലും ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. 

കാറിൽ നിന്നിറങ്ങിയ ഉടൻ ഞങ്ങൾ നടക്കാൻ തുടങ്ങി. എവിടേക്കാണ് പോകുന്നതെന്നോ എന്താണ്​ ചെയ്യേണ്ടതെന്നോ ഒന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. വികാസ് ദുബെയുടെ വീട് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ഗ്രാമത്തിൽ ആരുടെ വീട്ടിലും ലൈറ്റുകളൊന്നും കത്തിച്ചിരുന്നില്ല. പൂർണ്ണമായ ഇരുട്ടായിരുന്നു.

വീടിനുനേരെ ടോർച്ച് തെളിച്ചു; വീട്​ വളയുന്നതിനിടെ വെടിവെപ്പ്​ തുടങ്ങി
ഞങ്ങൾ ദുബെയു​ടെ വീടിനടുത്തെത്തിയപ്പോഴാണ്​ വഴി തടസ്സപ്പെടുത്തി ഒരു മണ്ണുമാന്തി യന്ത്രം 30-35 മീറ്റർ അകലെ നിർത്തിയിട്ടത്​ കണ്ടത്​. കഷ്​ടിച്ച്​ ഒരാൾക്ക് മാത്രമേ അതിലൂടെ കടന്നുപോകാൻ കഴിഞ്ഞുള്ളൂ.  മണ്ണുമാന്തി യന്ത്ര​ത്തെ മറികടന്ന്​ പോയ ഞങ്ങളുടെ കൂട്ടത്തിലൊരാൾ വികാസ് ദുബെയുടെ ടെറസിലേക്ക് ടോർച്ച് അടിച്ചു. അവിടെ ഒരാളെ കണ്ടതോടെ വീട്ടിലേക്ക്​ കയറാൻ ഞങ്ങൾ തീരുമാനിച്ചു. ചിലർ വലതുഭാഗത്തുകൂടെയും മറ്റുചിലർ ഇടതുഭാഗത്തുകൂടെയും വീട്​ വളഞ്ഞു. ഞങ്ങളുടെ എസ്.എച്ച്.ഒ പ്രതാപ് സിങ്​ ഇടത് വശത്ത് കൂടെയാണ്​ പോയത്​. അദ്ദേഹം ‘അജയ്​’ എന്ന്​ വിളിച്ചപ്പോൾ അജയ്​ കശ്യപ്​ എന്ന ഞാനും അജയ്​ സെംഗാറും അദ്ദേഹത്തെ പിന്തുടർന്നു. അപ്പോ​േഴക്കും വെടിവയ്പ്പ് തുടങ്ങിയിരുന്നു. 

30 സെക്കൻഡിനുള്ളിൽ തന്നെ ഞങ്ങൾക്ക്​ വെടിയേറ്റു

ഞങ്ങൾ വീടിൻെറ ഇടതുവശത്തോട് ചേർന്ന് നടക്കുമ്പോൾ അവർ വെടിയുതിർക്കുകയായിരുന്നു. തുരുതുരെ തലങ്ങും വിലങ്ങും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. ആദ്യം കുറഞ്ഞത് 20 - 22 റൗണ്ട്​ എങ്കിലും അവർ വെടിയുതിർത്തിരുന്നു. ആദ്യ 30 സെക്കൻഡിനുള്ളിൽ തന്നെ ഞങ്ങൾക്ക്​ വെടിയേറ്റു. എനിക്ക്​ ഇടതുകൈക്കും കാലുകൾക്കും പരിക്കേറ്റു. അജയ് സെംഗറിന്​ വയറ്റിൽ രണ്ടുതവണയാണ്​ വെടിയേറ്റത്​. അവൻ അവിടെത്തന്നെ വീണു. എസ്.എച്ച്.ഒക്കും കൈക്കും കാലിനും വെടിയേറ്റു. 

മതിലിൻെറ മറപറ്റി ഓടി രക്ഷപ്പെട്ടു
ഞങ്ങൾ മൂന്നുപേരും ഒരു മതിലിൻെറ മറപറ്റി നിന്നു. എന്നാൽ, വികാസ് ദുബെയുടെ വീട്ടിൽ നിന്ന്​ ഞങ്ങളെ കാണാൻ കഴിയുമായിരുന്നു. എസ്.എച്ച്.ഒ തിരിച്ചുവെടി​െവയ്ക്കാൻ തുടങ്ങി. എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് എത്തുംപിടിയും കിട്ടിയില്ല. രക്ഷപ്പെടാൻ ഏതെങ്കിലും വഴി ഉണ്ടോ എന്ന് പോലും  അറിയില്ലായിരുന്നു. മുന്നിൽ കണ്ട വഴിയിലൂടെ ആദ്യം എസ്.എച്ച്.ഒ മുന്നോട്ട് നീങ്ങി. പിന്നാലെ ഞങ്ങളെയും വിളിച്ചു. അവിടെ നിന്ന് ഞങ്ങളുടെ കാറിൽ കയറി പരിക്കേറ്റ നിലയിൽതന്നെ പൊലീസ് സ്റ്റേഷനിലേക്ക്​ പോയി. 

ഏറ്റുമുട്ടലിൽനിന്ന്​ തലനാരിഴക്ക്​ ജീവൻ രക്ഷപ്പെ​ട്ടെങ്കിലും സഹോദരന്മാരെ നഷ്ടപ്പെട്ടതിൻെറ സങ്കടമാണ്​ ഉള്ളിൽ നിറയെ. ജീവൻ ബാക്കിയായതിൽ സന്തോഷിക്കാനാകുന്നില്ല -അജയ് കശ്യപ് പറഞ്ഞു. ഇടത് കൈക്ക്​ വെടിയേറ്റ ഇദ്ദേഹം ഇപ്പോൾ ബുലന്ദ്ഷഹറിലെ വീട്ടിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്​. 

അതേസമയം, കൊലപാതകവും ​കൊള്ളയുമുൾപ്പെടെ 60 കേസുകളിൽ പ്രതിയായ വികാസ് ദുബെയെ സംഭവം നടന്ന്​ ദിവസങ്ങൾക്ക്​ ശേഷം വ്യാഴാഴ്​ച രാവിലെയാണ്​ പിടികൂടിയത്​. ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണ്​ ഇയാൾ പിടിയിലായത്​. പൊലീസ് വീട്ടിൽ പരിശോധനക്ക്​ വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായും പൊലീസിലെ ചിലരാണ് ഈ വിവരം ചോർത്തി നൽകിയതെന്നും ദുബെ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.

ഏറ്റുമുട്ടലിന് തയ്യാറായാണ് പൊലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. പൊലീസ് വെടിവെപ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവർക്ക് നേരേ ആദ്യം വെടിയുതിർത്തതെന്നും ഇയാൾ പറഞ്ഞു. കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ അതിനുള്ള സമയം കിട്ടിയില്ലെന്നും അതിന് മുമ്പ് വീട്ടിൽനിന്ന് രക്ഷപ്പെടേണ്ടിവന്നെന്നും ദുബെ പറഞ്ഞു.

 

 

Tags:    
News Summary - We Were Not Briefed on Dubey - Cop Kanpur Shoot-Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.