കൊല്ലപ്പെട്ട മിശ്രി ഖാന്റെ ചിത്രവുമായി ജീവിബെൻ ഖാൻ
അമ്രേലി: ‘അവരുടെ വീടുകൾ പൂട്ടിയിട്ടിരിക്കുന്നു. കഴിഞ്ഞവർഷം നവംബറിലെ സംഭവത്തിന് പിന്നാലെ അവർ ഗ്രാമം വിട്ടുപോയി. ഇപ്പോൾ അവർ ആരോടും സംസാരിക്കുന്നില്ല’ അമ്രേലി നഗരത്തിലെ മോട്ട കാക്കിവാദ് ഗ്രാമവാസികളിലൊരാൾ പറയുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ‘പശുവധം’ എന്ന കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു. 2023 നവംബർ ആറിന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സഹോദരൻമാരായ കാസിം, അക്രം, അവരുടെ അമ്മാവൻ സത്താർ എന്നിവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. പശുവിനെ അറുത്തതിന്റെ അവശിഷ്ടങ്ങൾ, കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. 2025 നവംബർ 11ന് അമ്രേലി സെഷൻസ് കോടതി അവരെ മൃഗസംരക്ഷണ നിയമപ്രകാരം കുറ്റക്കാരാണെന്ന് വിധിക്കുകയും 18 ലക്ഷം രൂപ അടക്കാൻ ഉത്തരവിടുകയും ചെയ്തു. ഗുജറാത്തിലെ പശു സംരക്ഷണ നിയമം ഒരു സമൂഹത്തെ തന്നെ ദരിദ്രരാക്കിക്കൊണ്ടിരിക്കുകയാണ്. മുസ്‍ലിംകളെയും നാടോടികളെയും തങ്ങളുടെ പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നതിൽനിന്നും വിലക്കുന്നു. കാലികടത്തും കശാപ്പും ആരോപിച്ച് മനുഷ്യനെ തല്ലിക്കൊല്ലുന്നു. വിദ്വേഷകുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറുന്നു.
ഫെബ്രുവരി 25, ഗുജറാത്തിലെ ഗാന്ധിനഗറിൽ എരുമകളെ കടത്തിക്കൊണ്ടുപോയി എന്നാരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ ഗോസംരക്ഷകനെന്ന് പറയുന്നവർ ക്രൂരമായി ആക്രമിച്ചു. ആക്രമണകാരികൾ അവരുടെ ട്രക്കിൽ വാഹനം ഇടിപ്പിച്ചു. യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. എന്നാൽ, അവിടെനിന്ന് ചത്ത കന്നുകാലികളെയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
‘എന്റെ ഭർത്താവിന് സംഭവിച്ചത് എനിക്ക് ഓർമവന്നു’ -2024 മേയിൽ വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ദീസ ഗ്രാമത്തിൽ പശുസംരക്ഷകർ എന്നവകാശപ്പെടുന്നവർ ഇരുമ്പ് വടിയുമായെത്തി തല്ലിക്കൊന്ന മിശ്രി ഖാന്റെ വിധവയായ ജീവിബെൻ ഖാൻ പറയുന്നു. ഖാന്റെ പക്കൽനിന്നും കന്നുകാലികളെയോ അവയുടെ അവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബനസ്‌കന്തയിലെ ചന്തയിൽ നിന്ന് വാങ്ങിയ എരുമകളെ തന്റെ സഹോദരിക്ക് കൈമാറാൻ പോയതായിരുന്നു അദ്ദേഹം. കൊലപാതകം, തടങ്കലിൽ പാർപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും അവരിൽ ഭൂരിഭാഗം പേരെയും പിന്നീട് വിട്ടയച്ചു. അഞ്ച് പ്രതികളിൽ ഒരാൾ മാത്രമാണ് ഇപ്പോൾ ജയിലിൽ.
ജീവിബെന്നിന് ഭാഗികമായി മാത്രമാണ് കാഴ്ചശക്തിയുള്ളത്. നാലു മക്കളുടെ മാതാവായ ജീവിബെന്നിന് കുട്ടികളെപോലും വീട്ടിൽനിന്ന് പുറത്തിറക്കാൻ ഭയപ്പെടുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ ജയിലിൽനിന്ന് പുറത്തിറങ്ങി സ്വതന്ത്ര്യമായി കറങ്ങി നടക്കുന്നതാണ് അതിന് കാരണം.
‘ബന്ധുക്കൾ നൽകുന്ന സംഭാവനകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. പണമില്ലാത്തപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല. എന്റെ ഇളയ മകൾക്ക് കടുത്ത പനിയാണ്, പക്ഷേ അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാൻ ഓട്ടോ ചാർജ് പോലും ഇല്ല. അവർ ഞങ്ങളുടെ അന്നദാതാവിനെ കൊന്നു’ -ജീവിബെൻ പറയുന്നു. കുറ്റക്കാരെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നും അവർക്ക് നിയമം പറയുന്ന ശിക്ഷ ലഭിക്കണമെന്നുമായിരുന്നു ജീവിബെന്നിന്റെ ആഗ്രഹം. എന്നാൽ, കുടുംബത്തിലെ മുതിർന്നവർതന്നെ അതിനെ എതിർത്തു. മറ്റൊന്നുംകൊണ്ടല്ല, മറിച്ച് ഭയം അവരെ അത്രമേൽ പിടികൂടിയിരുന്നു. കാരണം അവർ താമസിക്കുന്ന നവസേസൻ ഒരു മുസ്‍ലിം ഭൂരിപക്ഷ ഗ്രാമമാണ്. എന്നാൽ, ഇത് മൂന്ന് ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ്. ‘അവർ തങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കില്ല’ -അവർ പറയുന്നു.
മുംസ്‍ലിംകൾക്ക് കോഴിവളർത്തലിനോ മൃഗപരിപാലനത്തിനോ പോലും ഗുജറാത്തിലെ അന്തരീക്ഷം അനുകൂലമല്ലെന്ന് ഖാന്റെ മൂത്ത സഹോദരനായ ഷേർ ‘ദ വയറി’നോട് പറയുന്നു. ‘ഞങ്ങൾ കന്നുകാലികളെ കശാപ്പ് ചെയ്തിട്ടില്ല, പക്ഷേ ഞങ്ങൾ മുസ്‍ലിംകളായതിനാൽ എപ്പോഴും കുറ്റക്കാരാണ്’ -അദ്ദേഹം പറയുന്നു.
ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകൾ കന്നുകാലികളെ കൊണ്ടുപോകുമ്പോഴും വ്യാപാരത്തിലും പതിവായി ഇടപെട്ടുകൊണ്ടിരിക്കും. പലപ്പോഴും അക്രമത്തിൽ കലാശിക്കും. കാലികടത്തൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും അക്രമവും നഷ്ടവും സംഭവിക്കും. അത് ബിസിനസിനെ ഇല്ലാതാക്കും -ഷേർ പറയുന്നു. മുസ്‍ലിംകളെയും നാടോടി സംഘങ്ങളെയുമാണ് ഇത്തരം ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക. കാരണം കന്നുകാലി വളർത്തലാണ് ഞങ്ങളാണ് പരമ്പരാഗത തൊഴിൽ എന്നതുകൊണ്ടുതന്നെ -അദ്ദേഹം വിശദീകരിച്ചു.
2022 നവംബറിൽ ഗുജറാത്തിലെ താപി ജില്ലയിലെ ഒരു സെഷൻസ് കോടതി 1954 ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് മുഹമ്മദ് ആമീൻ എന്ന വ്യക്തിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചു.
‘ഗുജറാത്തിലെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. മുസ്‍ലിം കന്നുകാലി വ്യാപാരികളെ പതിവായി കൊള്ളയടിക്കുകയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ചെറുത്തുനിൽക്കാനോ ഉപജീവനമാർഗ്ഗം തുടരാനോ ശ്രമിക്കുന്നവരെ കൂടുതൽ ദുർബലരാക്കുന്നു’ -സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹൊസേഫ ഉജ്ജൈനി പറയുന്നു.
ഗുജറാത്തിലെ വിജാപുർ ഗ്രാമത്തിൽ മുസ്‍ലിംകൾ താമസിക്കുന്ന കുടിലുകൾ
2014 മേയിൽ നരേന്ദ്ര മോദി ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു. അധികം താമസിയാതെ തന്നെ ‘പശു കശാപ്പി’നെ ചൊല്ലിയുള്ള അക്രമ സംഭവങ്ങളും വർധിക്കാൻ തുടങ്ങി. 2014 ജൂണിൽ പുണെയിലെ ഒരു യുവ മുസ്‍ലിം ഐ.ടി ജീവനക്കാരനായ മൊഹ്‌സിൻ ഷെയ്ഖിനെ ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. തുടർന്നുണ്ടായ നിരവധി ആൾക്കൂട്ട ആക്രമണങ്ങളിൽ ആദ്യത്തേതായിരുന്നു ആ സംഭവം. ഒരു വർഷത്തിനുശേഷം 2015 ൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചുവെന്ന സംശയത്തിന്റെ പേരിൽ മുഹമ്മദ് അഖ്‌ലാഖിനെ ക്രൂരമായി കൊലപ്പെടുത്തി. ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു ഇത്. 2016–17വർഷങ്ങളിൽ കന്നുകാലികളെ കച്ചവടം ചെയ്യുകയോ കൊണ്ടുപോകുകയോ ചെയ്തുവെന്ന് ആരോപിച്ച് മുസ്‍ലിംകൾക്കെതിരായ ആക്രമണങ്ങൾ വടക്കേ ഇന്ത്യയിലുടനീളം വ്യാപിച്ചു. രാജസ്ഥാനിൽ ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് അതിലൊന്ന് മാത്രം.
2017ലായിരുന്നു ഗോമാംസം ഭക്ഷിക്കുന്നവരെ പരസ്യമായി വധിക്കണമെന്ന സനാതൻ ധർമ്മ പ്രചാര്‍ സേവാ സമിതിയുടെ പ്രചാരകയായ സാധ്വി സരസ്വതിയുടെ ആഹ്വാനം. 2017ൽ തന്നെ ഗുജറാത്ത് നിയമസഭ പശുക്കളെ കൊല്ലുന്നത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കി ഒരു നിയമം പാസാക്കി. ഈ ഭേദഗതിക്ക് ശേഷം ഗോമാംസം കടത്തുന്ന കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്ക് 10 വർഷം വരെയാണ് തടവ് ശിക്ഷ.
1950-70കളിൽ പല സംസ്ഥാനങ്ങളിലും നിരോധന നിയമം നിലവിലുണ്ടായിരുന്നെങ്കിലും അവയിൽ ഭേദഗതി വരുത്തി. എന്നാൽ, ഗുജറാത്ത് അതിൽനിന്ന് വ്യത്യസ്തമാക്കി നിയമങ്ങൾ നടപ്പിലാക്കുകയും കൂടുതൽ കർശനമാക്കുകയും ചെയ്തു. ഗോവധത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ ജീവപര്യന്തം തടവിലാക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനമായി ഗുജറാത്ത്.
2015 മാർച്ചിൽ മഹാരാഷ്ട്ര കശാപ്പ് നിരോധിച്ച മൃഗങ്ങളുടെ പട്ടികയിൽ കാളകളെ ഉൾപ്പെടുത്തി. നവംബറിൽ ഹരിയാന പത്ത് വർഷത്തെ തടവ് ശിക്ഷ ഏർപ്പെടുത്തി. ‘മുസ്‍ലിംകൾക്ക് ഈ രാജ്യത്ത് തുടർന്നും ജീവിക്കാം, പക്ഷേ അവർ ബീഫ് കഴിക്കുന്നത് ഉപേക്ഷിക്കേണ്ടിവരും’ എന്നായിരുന്നു അന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രതികരണം.
ഗോവധത്തിന് രാജ്യത്തെ ഏറ്റവും കടുത്ത ശിക്ഷ നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗോവധത്തിന് കടുത്ത ശിക്ഷ നൽകുന്ന നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്‌സിങ് ജഡേജ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ഒരു പശുവിനെയോ പശുവിന്റെ സന്തതികളെയോ കൊല്ലുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് ഞങ്ങൾ കണക്കാക്കി’. പിന്നീട്, കർണാടകയിലേക്കും അസമിലേക്കുമെല്ലാം ഗോവധ നിരോധനം നീണ്ടു. ഇപ്പോൾ രാജ്യത്തുതന്നെ കശാപ്പ് തടയലും കന്നുകാലി സംരക്ഷണ ബില്ലും 2024, പശു സംരക്ഷണ ബില്‍, 2025 എന്നിവ അവതരിപ്പിച്ചതിലൂടെ ‘ദേശീയ പശു സംരക്ഷണ അതോറിറ്റി’ സ്ഥാപിച്ചേക്കുമെന്നുള്ള സൂചനയും നൽകുന്നു.
2025 ഒക്ടോബറിൽ ബനസ്‌കന്തയിൽ നിന്നുള്ള കാലിതൊഴിലാളിയായ റഹ്മാൻ ബലോച്ചിനെ രാജസ്ഥാനിൽ നിന്ന് ഗുജറാത്തിലേക്ക് പശുക്കിടാക്കളെ കൊണ്ടുപോകുന്നതിനിടെ തടഞ്ഞുനിർത്തി. അറുത്ത പശുക്കളെയോ കന്നുകുട്ടികളെയോ താൻ കൊണ്ടുപോകുന്നില്ലെന്ന് ബലൂച്ച് പറഞ്ഞു. എന്നാൽ പശുസംരക്ഷണ പ്രവർത്തകർ പൊലീസിനെ അറിയിക്കുകയും പൊലീസുകാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും കഠിനമായി മർദ്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ട്രക്ക് കണ്ടുകെട്ടി. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റൊരു ഉപജീവനമാർഗം തേടേണ്ടിവന്നു.
വിജാപൂരിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ തുണികളും മരക്കഷണങ്ങളും കൊണ്ട് നിർമിച്ച ഒരു വാടകവീട്ടിലാണ് സലിം മിറിന്റെ താമസം. പരമ്പരാഗത നാടോടി സമൂഹത്തിൽ പെട്ടയാളാണ് മിർ. ഇപ്പോൾ തങ്ങളുടെ പരമ്പരാഗത തൊഴിലുകൾ ചെയ്യാൻ കഴിയാറില്ല. ബജ്‌റംഗ് ദളോ വി.എച്ച്.പി അംഗങ്ങളോ തങ്ങളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ആടുകളെ മോഷ്ടിക്കുന്നു -മിർ പറയുന്നു.
‘ഞങ്ങൾക്ക് രണ്ട് പശുക്കളും നാല് ആടുകളും ഉണ്ടായിരുന്നു. അവയുടെ പാൽ വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. പക്ഷേ, മുസ്‍ലിംകൾ കന്നുകാലികളെ വളർത്താൻ ഇവർ സമ്മതിക്കില്ല. ആരും ഞങ്ങളുടെ പരാതികൾ ശ്രദ്ധിക്കാത്തതിനാൽ ഞങ്ങൾക്ക് പശുക്കളെ കുറഞ്ഞ നിരക്കിൽ വിൽക്കേണ്ടി വന്നു’ -മറ്റൊരു കാലിത്തൊഴിലാളിയായ റംസാൻ മിർ പറയുന്നു.
സബർകാന്തയിലെ മോത്തിപുരയിൽ കന്നുകാലി ഉടമയും വാഹന ഉടമയുമായ ദിനേശ് ഇപ്പോൾ ഉപജീവനത്തിനായി ദിനേശ് വീടുകൾ പെയിന്റ് ചെയ്യുന്ന ജോലി ചെയ്യുകയാണ്. ‘കുറഞ്ഞത് 10 പശുക്കളും എരുമകളും ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബം മൃഗസംരക്ഷണത്തിൽ നിന്ന് സമ്പാദിച്ചു. കന്നുകാലികളെ കൊണ്ടുപോകുമ്പോഴെല്ലാം ബജ്‌റംഗ്ദളിന്റെ പ്രാദേശിക ഗുണ്ടകൾ ഉപദ്രവിക്കുന്നത് പതിവാക്കി. ഇപ്പോൾ എന്നെപ്പോലെ പലരും മറ്റ് ഉപജീവനമാർഗങ്ങളിലേക്ക് മാറിയിരിക്കുന്നു. സത്യം പറഞ്ഞാൽ, സാമ്പത്തികമായി കഷ്ടപ്പെടുന്നു. ഒരു ദിവസം ആയിരക്കണക്കിന് സമ്പാദിക്കുമായിരുന്നു. ഇപ്പോൾ ഒരു ദിവസം കഷ്ടിച്ച് 400-500 രൂപ മാത്രമാണ്’ -അദ്ദേഹം പറയുന്നു.
ഗുജറാത്തിലുടനീളം കന്നുകാലി വളർത്തി ഉപജീവനം തേടാൻ കഴിയാത്ത സ്ഥിതിയായി മാറിയിരിക്കുന്നു. പലരും മൃഗങ്ങളെ കുറഞ്ഞ നിരക്കിൽ വിൽക്കുന്നു. മറ്റു ചിലർ ജോലി മാറുന്നു. ലോകത്ത് ബീഫ് കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആ രാജ്യത്ത് സ്വന്തം ഉപജീവനമാർഗത്തിനായി മുസ്‍ലിംകൾക്ക് കാലി വളർത്താൻ പാടില്ലെന്നതാണ് അലിഘിത നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.