രണ്ട് വർഷമായി ശമ്പളമില്ല: ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ വാട്ടർമാൻ ആത്മഹത്യ ചെയ്തു

ബംഗളൂരു: രണ്ട് വർഷത്തിലേറെയായി ശമ്പളം നൽകാതെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ വാട്ടർമാൻ ആത്മഹത്യ ചെയ്തു. ഹോങ്കോറു ഗ്രാമപഞ്ചായത്തിലെ വാട്ടർമാനായിരുന്ന ചികൂസ നായിക് (68) ആണ് ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക പീഡനവും 27 മാസത്തെ ശമ്പളക്കുടിശ്ശികയോടുള്ള അധികൃതരുടെ അവഗണനയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചികൂസയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

2016 മുതൽ ഹോങ്കോറു ഗ്രാമപഞ്ചായത്തിലെ വാട്ടർമാനായിരുന്നു ചികൂസ. ശമ്പളക്കുടിശ്ശിക ലഭിക്കുന്നതിനായി പല തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജി സമർപ്പിച്ച സമയത്ത് കുടിശ്ശികയുള്ള 27 മാസത്തെ ശമ്പളം നൽകണമെന്ന് അദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് അവർ പ്രതികരിച്ചില്ല. തുടർന്ന് ജില്ലാ പഞ്ചായത്ത് ഓഫിസർക്ക് പരാതി നൽകിയിട്ടും അവഗണന മാത്രമാണ് ലഭിച്ചതെന്ന് ചികൂസ ആരോപിച്ചിരുന്നു.

ശമ്പളം നൽകാത്തതിന് പുറമെ ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. അവധി ആവശ്യപ്പെട്ടാൽ മാനസികമായി പീഡിപ്പിക്കുകയും രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഓഫിസിൽ ഇരുത്തുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാവാതെയാണ് താൻ ജീവിതം അവസാനിപ്പിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ചികൂസ ആത്മഹത്യാ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ പഞ്ചായത്ത് വികസന ഓഫിസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പ്രസിഡന്റിന്റെ ഭർത്താവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Waterman ends life in front of gram panchayat office in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.