ജോധ്പൂരിലെ ജലക്ഷാമം: ഫിൽട്ടർ പ്ലാന്റുകളിൽ കാവൽക്കാരെ നിയോഗിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ജലക്ഷാമം രൂക്ഷമായതോടെ സ്ഥലത്തെ ഫിൽട്ടർ പ്ലാന്‍റുകളിൽ 24 മണിക്കൂറും പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പഞ്ചാബിലെ സിർഹിന്ദ് ഫീഡർ കനാൽ തകർന്നത് ഇന്ദിരാഗാന്ധി കനാൽ പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുകയും രാജസ്ഥാനിലെ ജലവിതരണം തടസപ്പെടുകയും ചെയ്തിരുന്നു. അടിയന്തര സാഹചര്യം നേരിടുന്നതിനായി ജില്ല കലക്ടർ ഹിമാൻഷു ഗുപ്തയുടെ നേതൃത്വത്തിൽ ദ്രുതകർമസേനയെ നിയോഗിച്ചു.

നഗരത്തിലെ ഓരോ ഫിൽറ്റർ പ്ലാന്‍റുകളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വെള്ളം ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാനും കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.

കനാൽ അടക്കുന്ന സമയത്ത് കുടിവെള്ള വിതരണവും ഗതാഗത സംവിധാനവും ദ്രുതകർമസേന ഉറപ്പാക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. കെയ്‌ലാന, ചൗപസ്‌നി, തഖത്‌സാഗർ, ജലമന്ദ് എന്നീ പ്ലാന്റുകളുടെ സുരക്ഷക്കായി 24 മണിക്കൂറും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശം നൽകി. വെള്ളം പാഴാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും കലക്ടർ നിർദേശിച്ചു.

പഞ്ചാബിൽ നിന്നുള്ള ജലവിതരണം പുനരാരംഭിക്കാൻ 10 ദിവസം കൂടി സമയമെടുക്കും. 60 ദിവസത്തോളമായി കനാൽ അടഞ്ഞുകിടക്കുന്നതിനാൽ ജാഗ്രതയോടെയാണ് വെള്ളം വിതരണം ചെയ്യുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ഫോണിൽ സംസാരിച്ച് കനാലിന്‍റെ അറ്റകുറ്റപ്പണി നടത്തണമെന്ന് അഭ്യർഥിച്ചിരുന്നു. അറ്റകുറ്റപ്പണികൾ വൈകിയത് രാജസ്ഥാനിലെ 10 ജില്ലകളിലെ ജലവിതരണത്തെ ബാധിച്ചിരുന്നു.

Tags:    
News Summary - Water crisis in Jodhpur, guards deputed at filter plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.