‘വാഷിങ് പൗഡർ നിർമ’ ബോർഡ് വെച്ച് അമിത് ഷാക്ക് തെലങ്കാനയിൽ സ്വീകരണം

ഹൈദരാബാദ്: തെലങ്കാനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് വാഷിങ് പൗഡർ നിർമ ബോർഡ് വെച്ചുകൊണ്ട് സ്വീകരണം. ഹൈദരാബാദിലെ ജെ.ബി.എസ് ജങ്ഷനിലാണ് ബോർഡുയർന്നത്.

അമിത്ഷാക്ക് സ്വാഗതം എന്നെഴുതിയ ബോർഡുകളിൽ നിർമ പരസ്യത്തിലെ പെൺകുട്ടിയുടെ മുഖത്തിന് പകരം മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പി​യിലെത്തിയ നേതാക്കളുടെ മുഖമാണ് നൽകിയത്.

ഹിമന്ത ബിശ്വ ശർമ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരുപാക്ഷപ്പ എന്നിവരുടെ ചിത്രങ്ങളാണ് ബോർഡിലുള്ളത്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി എം.എൽ.സിയുമായ കെ. കവിതയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിറകെയാണ് ബോർഡുയർന്നത്. ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ കേസുകളും ഇല്ലാതാകുമെന്നതിനെ പരിഹസിക്കുന്നതാണ് ഈ നടപടി.

54ാമത് സി.ഐ.എസ്.എഫ്. റൈസിങ് ഡേ പരേഡിൽ പ​ങ്കെടുക്കാനാണ് അമിത് ഷാ തെലങ്കാനയിൽ എത്തിയത്.

അതേസമയം, ബോർഡ് വെച്ചതിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ബി.ആർ.എസ് നേതാക്കൾ പേര് വെളിപ്പെടുത്താതെ ബോർഡ് വെച്ചത് ലോ എൻഫോഴ്സ്മെന്റ് ഏജൻസികെള ഭയന്നാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൻ. രാമചന്ദർ റാവു പറഞ്ഞു. ബി.ജെ.പി സർക്കാറിനെയും നേതാക്കളെയും മോശമായി ചിത്രീകരിച്ചുള്ള ഇത്തരം ബോർഡുകൾ വെക്കുന്നത് ശീലമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നാൽ അവർ സംശുദ്ധരായി എന്ന് കാണിക്കാനാണ് ബി.ആർ.എസ് നേതാക്കൾ നിർമയുടെ പരസ്യം ഉപയോഗിച്ച് ബോർഡ് വെച്ചിരിക്കുന്നത്. പൊതു ജനങ്ങളുടെ പണമുപയോഗിച്ചാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Washing Powder Nirma' Posters In Sarcastic Welcome To Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.