മനീഷ് ഭനുഷാലി (ഇടതുവശത്ത്) അബ്ബാസ് മർച്ചന്‍റിനോടൊപ്പം വരുന്ന ദൃശ്യം

മുംബൈ ലഹരിക്കേസ്: ദുരൂഹതയുയർത്തി എൻ.സി.ബിക്കൊപ്പം ബി.ജെ.പി നേതാവിന്‍റെ സാന്നിധ്യം

മുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേർ അറസ്റ്റിലായ മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ ദുരൂഹതയുയർത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കൊപ്പമുള്ള ബി.ജെ.പി നേതാവിന്‍റെ സാന്നിധ്യം. കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ എൻ.സി.ബിക്കൊപ്പം ഇയാളുമുണ്ടായിരുന്നതായാണ് വിവരം. ഇയാളുടെ സാന്നിധ്യം സംശയാസ്പദമാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഇന്നലെ ആരോപണമുന്നയിച്ചിരുന്നു.

മനീഷ് ഭനുഷാലി എന്ന ബി.ജെ.പി നേതാവാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇയാളുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കപ്പലിൽ നടന്ന റെയ്ഡിൽ ബി.ജെ.പിക്ക് പങ്കുണ്ടോയെന്ന ചോദ്യമാണ് ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ബി.ജെ.പി പ്രവർത്തകനാണെന്ന് വ്യക്തമാക്കിയ മനീഷ് ഭനുഷാലി താൻ ഒരു ബി.ജെ.പി നേതാവിനോടും സംസാരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് മന്ത്രി നവാബ് മാലിക് ഇന്നലെ ചോദിച്ചിരുന്നു.

എന്നാൽ, ആഡംബര കപ്പലിലെ ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് ഒക്ടോബർ ഒന്നിന് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് മനീഷ് ഭനുഷാലി അവകാശപ്പെടുന്നത്. എൻ.സി.ബിയെ സമീപിക്കാൻ തന്‍റെ സുഹൃത്താണ് നിർദേശിച്ചത്. എൻ.സി.ബിക്കും ഇതുസംബന്ധിച്ച ചെറിയ വിവരം ഉണ്ടായിരുന്നെങ്കിലും വിശദമായ വിവരം നൽകിയത് ഞങ്ങളാണ്. ഒക്ടോബർ രണ്ടിന് റെയ്ഡ് നടക്കുമ്പോൾ ഞങ്ങളും സ്ഥലത്തുണ്ടായിരുന്നു.

ഞാൻ എൻ.സി.ബി ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നെങ്കിലും പ്രതിയെ പിടിച്ച് നടക്കുന്നതായി തോന്നിയത് ഇടുങ്ങിയ വഴിയായതിനാലാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി നവാബ് മാലിക് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഭനുഷാലി പറഞ്ഞു.

ഷാരൂഖ് ഖാന്‍റെ മകൻ പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. എൻ.സി.ബി മുംബൈ ഡ‍യറക്ടർ സമീർ വാങ്കഡെ മികച്ച ഉദ്യോഗസ്ഥനാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മനീഷ് ഭനുഷാലി പറഞ്ഞു.



(കിരൺ ഗോസാവി  ആര്യൻ ഖാനോടൊപ്പം)

 

നേരത്തെ, എൻ.സി.ബി അറസ്റ്റ് ചെയ്ത ആര്യൻ ഖാനോടൊപ്പം കപ്പൽ ടെർമിനലിൽ കിരൺ ഗോസാവി എന്നയാൾ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ ഇയാൾ തങ്ങളുടെ അംഗമല്ലെന്ന വിശദീകരണം എൻ.സി.ബി നൽകിയിരുന്നു. ഇയാളെ കുറിച്ചും കഴിഞ്ഞ ദിവസം നവാബ് മാലിക് സംശയം പ്രകടിപ്പിച്ചിരുന്നു.

മനീഷ് ഭനുഷാലി, കിരൺ ഗോസാവി എന്നിവർ ഉൾപ്പെടെ ഒമ്പത് പേർ സാക്ഷികളായി തങ്ങളോട് സഹകരിച്ചിരുന്നതായാണ് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് ചൊവ്വാഴ്ച പറഞ്ഞത്. 

Tags:    
News Summary - Was with NCB officers BJP worker seen escorting Arbaaz Merchantt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.