ദിശ രവിക്ക് ദിവസവും കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ അനുമതി

ന്യൂഡൽഹി: കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധ​െപ്പട്ട ടൂൾ കിറ്റ്​ കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ദിവസവും കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ പട്യാല ഹൗസ് കോടതി അനുമതി നൽകി. എഫ്.ഐ.ആറിന്‍റെ പകർപ്പും ചൂടുകുപ്പായവും ദിശക്ക് ലഭ്യമാക്കാനും കോടതി നിർദേശിച്ചു.

അറസ്റ്റിലായ ദിശക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ലഭിച്ചിരുന്നില്ല. ഇനി ദിവസവും അര മണിക്കൂർ നേരെ അഭിഭാഷകനെയും 15 മിനുട്ട് നേരം കുടുംബാംഗങ്ങളെയും കാണാൻ കോടതി അനുവദിച്ചു. ദിശയുടെ അഭിഭാഷകൻ നൽകിയ ഹരജിയിലാണ് അനുമതി.

ഗ്രെറ്റ ടൂൾകിറ്റ് കേസിൽ കഴിഞ്ഞ ദിവസമാണ് കോളജ് വിദ്യാർഥി കൂടിയായ ദിശ രവിയെ ബംഗളൂരുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിശ രവി, നികിത ജേക്കബ്, ശന്തനു എന്നിവർ ചേർന്നാണ് ടൂൾ കിറ്റ് ഡോക്യുമെന്‍റ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ദിശയുടെ അറസ്റ്റിനെ തുടർന്ന് രാജ്യമെമ്പാടും വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ദിശയെ പൊലീസ് ലക്ഷ്യമിട്ടിരുന്നെന്നും നേരത്തെ തന്നെ കേസിൽ പ്രതിചേർക്കാൻ ശ്രമം നടന്നിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.

കേസിൽ ആക്​ടിവിസ്റ്റ്​ ശാന്തനു മുലുകിന്​ അറസ്റ്റിൽ നിന്ന്​ ബോംബൈ ഹൈകോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. അറസ്റ്റിൽ നിന്നു 10 ദിവസത്തെ സംരക്ഷണമാണ്​ കോടതി നൽകിയത്​. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ഡൽഹി കോടതിയെ സമീപിക്കാം.

എന്താണ് ടൂൾ കിറ്റ്

ഓൺലൈനിൽ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്‍റിനെയാണ് ടൂൾകിറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നം വിശകലനം ചെയ്യാനും പരിഹാരം കാണാനും ഉള്ള വഴികൾ ടൂൾകിറ്റിൽ വിശദീകരിക്കും. ഇത്തരത്തിൽ, ഇന്ത്യയിലെ കർഷക സമരത്തെ ഏതെല്ലാം വിധത്തിൽ പിന്തുണക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം സജീവമാക്കാമെന്നും വിശദീകരിക്കുന്നതാണ് ഗ്രെറ്റ ടൂൾകിറ്റ്. ഗ്രെറ്റ തുൻബർഗ് ഇത് ട്വിറ്ററിൽ ഷെയർ ചെയ്തെങ്കിലും അൽപസമയത്തിന് ശേഷം പിൻവലിച്ചിരുന്നു. ഇത് കേന്ദ്ര സർക്കാറിനെതിരായ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Tags:    
News Summary - Warm Clothes, Time With Family Daily For Disha Ravi In Cops' Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.