ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ പെട്രോൾ, ഡീസൽ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിക്ക് ശേഷം ലോകം പുരോഗതിയിലേക്ക് മടങ്ങുമെന്ന് കരുതിയെങ്കിലും പുതിയ യുദ്ധങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ പ്രധാനമന്ത്രി പറഞ്ഞു.
വെല്ലുവിളികളെ ഇന്ത്യ ദൃഢനിശ്ചയത്തോടെ നേരിടുകയാണ്. ഈ പ്രതിസന്ധിഘട്ടത്തെയും രാജ്യം ഐക്യത്തോടെ നേരിടണം. പ്രതിസന്ധിയുടെ പേരിൽ അഭ്യൂഹം പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷകരമാണ്.
140 കോടി ജനങ്ങളുടെ താൽപര്യത്തെ ബാധിക്കുന്ന വിഷയമാണിത്. രാഷ്ട്രീയ ലാഭത്തിന് ഇവിടെ സ്ഥാനമില്ല. സർക്കാറിന്റെ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. സംഘർഷത്തിനിടയിൽ ഒരു കോടി ഇന്ത്യൻ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ന്യൂഡൽഹി: രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരം രാജ്യത്തുടനീളം ലഭ്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലം. ചില സംസ്ഥാനങ്ങളിൽ ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിച്ച കിംവദന്തികൾ കാരണം ഇന്ധന സ്റ്റേഷനുകളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടതാണ്. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത വർധിപ്പിക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു. ഇതിനുപുറമെ ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.50 രൂപയും വിമാന ഇന്ധനത്തിന് 29.50 രൂപയും കയറ്റുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്യാസ് മേഖലയിൽ ഗാർഹിക ആവശ്യങ്ങൾക്കും ഗതാഗതത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. പൈപ്പ്ഡ് നാച്വറൽ ഗ്യാസിനും സി.എൻ.ജിക്കും 100 ശതമാനം വിഹിതം അനുവദിച്ചപ്പോൾ, വ്യവസായ മേഖലക്ക് ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനവും വളം നിർമാണ ശാലകൾക്ക് 70-75 ശതമാനവും വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
കൂടുതൽ എൽ.എൻ.ജി കാർഗോകൾ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാർച്ചിൽ മാത്രം 2,90,000 പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകിയിട്ടുണ്ട്. പ്രതിദിനം 55 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം പഴയ നിലയുടെ 70 ശതമാനത്തിലേക്ക് എത്തിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യവ്യാപകമായി 2900 റെയ്ഡുകൾ നടത്തി ആയിരത്തോളം സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.