‘ഗാന്ധിജിയുടെ ദർശനങ്ങൾ എന്നും പ്രചോദനം’; മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം ഗാന്ധിജിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ എന്നും പ്രചോദനമായി തുടരുമെന്ന് മോദി എക്‌സിൽ കുറിച്ചു.

ഓരോ ഇന്ത്യക്കാരന്റെയും പുരോഗതിക്കൊപ്പം രാജ്യത്തെ കൂടുതൽ പുരോഗമനപരവും സമൃദ്ധവുമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും പറഞ്ഞു. ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് മുന്നേറേണ്ട സമയമാണിതെന്നും സ്വപ്നങ്ങളും ദൃഢനിശ്ചയവും രാജ്യത്തിന്റെ കരുത്തും ഒത്തുചേർന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാലും ഉറച്ച തീരുമാനത്തോടെ മുന്നേറാനുള്ള വഴികൾ കണ്ടെത്താനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന മോദി ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും ധൈര്യവും അനുസ്മരിച്ചു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വികസിത ഇന്ത്യക്കായുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണെന്നും ഈ വികസനയാത്ര കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Tags:    
News Summary - Modi Pays Tribute to Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.