ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിക്കാർ ആവശ്യപ്പെട്ട സ്റ്റേ അനുവദിക്കുമോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീർപ്പ് കൽപിക്കും. അടുത്തയാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിവാദ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുക.
രജിസ്റ്റർ ചെയ്തോ വിജ്ഞാപനമിറക്കിയോ ഉപയോഗത്തിലൂടെ ആയതടക്കം ഒന്നും വഖഫല്ലാതാക്കി വിജ്ഞാപനമിറക്കില്ലെന്നും തൽസ്ഥിതി മാറ്റില്ലെന്നും കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് ബെഞ്ച് ഉത്തരവാക്കിയിറക്കിയിരുന്നു. സ്റ്റേയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് മാറ്റിവെക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയ നിർദേശങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നുള്ള ഉറപ്പായി രേഖപ്പെടുത്താമെന്നുമുള്ള നിർദേശം സോളിസിറ്റർ ജനറൽ മുന്നോട്ടുവെക്കുകയായിരുന്നു.
അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ ഉദ്ദേശിച്ചിരുന്ന കേന്ദ്ര വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും ഒരു നിയമനവും നടത്തില്ലെന്നും മേത്ത ഉറപ്പ് നൽകിയെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. മേയ് അഞ്ചിന് പ്രാഥമിക വാദം കേട്ട് ആവശ്യമെങ്കിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും അതുവരെയാണ് കേന്ദ്രത്തിന്റെ ഈ രണ്ട് ഉറപ്പുകളെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് അറിയിക്കുകയും ചെയ്തു.
മുസ്ലിംകൾ തങ്ങളുടെ ആരാധനാ കർമത്തിന്റെ ഭാഗമായി കരുതുന്ന വഖഫിൽ ഭരണഘടനാ വിരുദ്ധമായ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്നും അതിനാൽ വിവാദ നിയമം റദ്ദാക്കണമെന്നും കേരളത്തിൽനിന്ന് ശ്രീനാരായണ മാനവ ധർമം ട്രസ്റ്റ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഇന്ത്യയിൽ വഖഫ് ഇല്ലാതാക്കുമെന്നതാണ് ഭരണഘടനാവിരുദ്ധമായ വഖഫ് ഭേദഗതി നിയമം സൃഷ്ടിക്കുന്ന പ്രത്യാഘാതമെന്ന് വഖഫ് കേസിൽ കക്ഷിചേരാനുള്ള അപേക്ഷയിൽ ട്രസ്റ്റ് ബോധിപ്പിച്ചു. വഖഫുമായി ബന്ധപ്പെട്ട ഹരജികളിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് വാദം കേൾക്കും. വഖഫ് ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് തിരുവനന്തപുരം കേന്ദ്രമായുള്ള ശ്രീനാരായണ മാനവ ധർമം ട്രസ്റ്റിന്റെ പ്രസിഡന്റ് വി.ആർ. ജോഷികൂടി കക്ഷിചേരാനുള്ള അപേക്ഷ നൽകി.
അതേസമയം ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലം ഇസ്ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കൽപത്തെക്കുറിച്ച പ്രാഥമിക ധാരണ ഇല്ലാത്തതാണെന്ന് കേരളത്തിൽനിന്നുള്ള മറ്റൊരു കക്ഷിയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ അഡ്വ. സുൽഫിക്കർ അലി മുഖേന സമർപ്പിച്ച കേന്ദ്ര സർക്കാറിനുള്ള മറുപടി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.