വോട്ടിങ് യന്ത്ര പരാതികൾ തള്ളിയത് 40ഓളം തവണ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സംബന്ധിച്ച പരാതികൾ സുപ്രീം കോടതിയും തള്ളുമ്പോൾ സമാനമായി 40ഓളം കേസുകൾ കോടതികളിലെത്തി മടക്കിയതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വിവിപാറ്റുകൾ മൊത്തമായി എണ്ണണമെന്ന ആവശ്യമാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ഈ സംവിധാനത്തെ ‘അന്ധമായി അവിശ്വസിക്കുന്നത്’ അനാവശ്യമായ സന്ദേഹം സൃഷ്ടിക്കുന്നതാണെന്ന് വിശദീകരിച്ചായിരുന്നു നടപടി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ 100 ശതമാനം സുരക്ഷിതമാണെന്നും ഇവ ശരിയായാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രീയകക്ഷികൾക്ക് ‘ഹൃദയത്തിന്റെ അടിത്തട്ടിൽ’ ധാരണയുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതിയും വിവിധ കോടതികളുമടക്കമാണ് ഇത്തരം പരാതികൾ പരിഗണിച്ചിരുന്നത്. ‘ചില രാഷ്ട്രീയ കക്ഷികൾതന്നെ ഇ.വി.എം കാരണം ഉണ്ടായതാണ്. ബാലറ്റ് പേപ്പറുകളുടെ കാലത്ത് നിലവിലില്ലാത്ത പല പാർട്ടികളും ഇവ ഇല്ലായിരുന്നുവെങ്കിൽ നിലവിൽവരില്ലായിരുന്നുവെന്ന് രാജീവ് കുമാർ പറഞ്ഞു.

വിവിപാറ്റ് ഉപയോഗം കൂട്ടണം -കോൺഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രക്രിയയിൽ പൊതുജന വിശ്വാസം വർധിപ്പിക്കാൻ വിവിപാറ്റ് കൂടുതലായി ഉപയോഗിക്കണമെന്നാണ് നിലപാടെന്നും ഈ ആവശ്യം തുടർന്നും ഉന്നയിക്കുമെന്നും കോൺഗ്രസ്. സുപ്രീംകോടതി തള്ളിയ വിവിപാറ്റ് കേസിൽ കോൺഗ്രസ് നേരിട്ടോ അല്ലാതെയോ കക്ഷിയല്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.

വോട്ടുയന്ത്ര അവിശ്വാസം വളർത്തിയ പ്രതിപക്ഷം മാപ്പു പറയണം -മോദി

ന്യൂഡൽഹി: വോട്ടുയന്ത്രത്തെക്കുറിച്ച സുപ്രീംകോടതി വിധി കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും കനത്ത പ്രഹരമാണെന്നും ജനങ്ങൾക്കിടയിൽ അവിശ്വാസം വളർത്താൻ ശ്രമിച്ച കുറ്റത്തിന് അവർ മാപ്പുപറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോൺഗ്രസും മറ്റ് ‘ഇൻഡി’ സഖ്യകക്ഷികളും അധികാരത്തിലിരുന്നപ്പോൾ ബൂത്ത് പിടിച്ചെടുത്തും മറ്റും പാവപ്പെട്ടവർക്കും ദലിതർക്കും വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചു. വോട്ടുയന്ത്രം വന്നപ്പോൾ പഴയ കളി നടപ്പില്ലെന്നായി. അങ്ങനെ അവർ വോട്ടുയന്ത്രത്തിൽ അവിശ്വാസം പടർത്താൻ ശ്രമിച്ചു. എന്നാൽ സുപ്രീംകോടതി വിധി അവർക്ക് വലിയ അടിയായി -ബിഹാറിലെ അരരിയയിൽ തെരഞ്ഞെടുപ്പു യോഗത്തിൽ മോദി പറഞ്ഞു.

Tags:    
News Summary - Voting machine complaints have been rejected about 40 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.