'ജയിക്കാൻ വേണ്ടി ഞങ്ങൾ ജമ്മു കശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും'; ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ടുചെയ്യിപ്പിക്കുമെന്ന ബി.ജെ.പി കേരള ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ പറയുന്ന വിഡിയോ പ്രദർശിപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്‍റ വിഡിയോ പ്രദര്‍ശിപ്പിച്ചത്.

'യാതൊരു സംശവുമില്ല. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ടുചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല.'- എന്ന് ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറയുന്ന വിഡിയോയാണ് വോട്ടുകൊള്ളയുടെ ഒരു ഉദാഹരണായി പ്രദർശിപ്പിച്ചത്.

കഴിഞ്ഞ ആഗസ്റ്റിൽ തൃശ്ശൂരിലെ ഇരട്ട വോട്ട് ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. 

'സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024 ൽ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി?തൃശൂരില്‍ മരിച്ച ആളുടെ പേരിൽ ആരും വോട്ട് ചെയ്തിട്ടില്ല. ഒരാൾ രണ്ടുവോട്ടുകളും ചെയ്തിട്ടില്ല. ഏത് വിലാസത്തിൽ വേണമെങ്കിലും വോട്ട് ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. എന്നായിരുന്നു ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്. 

Full View

ഹരിയാനയിൽ കവർന്നത് 25 ലക്ഷം വോട്ടുകൾ

ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിലൂടെ നടത്തിയത്. ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

25 ലക്ഷം കള്ളവോട്ടുകൾ കണ്ട തെരഞ്ഞെടുപ്പിൽ എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കഥയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ബ്രീസലിയൻ മോഡലിന്റെ പേരിലും സംസ്ഥാനത്ത് വലിയ ​വ്യാജ വോട്ടുകൾ നടന്നു. പേര് അറിയാത്ത, ഒരു മോഡലിന്റെ ചിത്രത്തിൽ പലപേരുകളിലായി പത്ത് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുൽ​ തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.

19 ലക്ഷത്തിലധികം ബൾക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 93,000ത്തിൽ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചനയാണ് നടന്നത്. ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് വൻ അട്ടിമറിയുടെ കഥ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്.

വെട്ടിയത് 3.5 ലക്ഷം വോട്ടുകൾ

3.5 ലക്ഷം വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി. അത് മുഴുവനും കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നു. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ വീഡിയോ സന്ദേശം കൂടി അവതരിപ്പിച്ചുകൊണ്ട് രാഹുൽ വിശദീകരിച്ചു.

​ബ്രസീലിയൻ മോഡലിന് ഹരിയാനയിൽ വോട്ട്

അടിമുടി ക്രമക്കേട് നടന്ന ഹരിയാനയിൽ ബ്രസീലിയൻ മോഡലി​ന്റെ ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചായിരുന്നു രാഹുൽ മറ്റൊരു തട്ടിപ്പി​ന്റെ തെളിവ് ഹാജരാക്കിയത്. ‘ആരാണിത് എന്ന് ചോദ്യവുമായി’ ചിത്രം പ്രദർശിപ്പിച്ച് മാധ്യമപ്രവർത്തകരോടും ചോദിച്ചു. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിൽ 10 ബൂത്തുകളിൽ 22 വോട്ടുകളാണ് ഇവർ ചെയ്തതത്.

യഥാർഥത്തിൽ ഇവർ മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലാണെന്നും, അവരുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഐ.ഡികൾ സൃഷ്ടിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു രാഹുൽ പറഞ്ഞു. മോഡലിന്റെ ഫേസ് ബുക് പേജി​ന്റെ ചിത്രവും രാഹുൽ പങ്കുവെച്ചു.

കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണെന്നും രാഹുൽ പറഞ്ഞു. 521 619 ​ഡൂപ്ലിക്കേറ്റ് വോട്ടുകളാണ് ​കണ്ടെത്തിയത്. അതിൽ 93,174 വ്യാജ വിലാസങ്ങൾ തിരിച്ചറിഞ്ഞു.

Tags:    
News Summary - Vote chori: Rahul Gandhi shows off BJP leader Gopalakrishnan's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.