കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്താൽ അയോഗ്യരാക്കും, എം.എൽ.എമാരോട് ബി.എസ്.പി 

ജയ്പുർ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യണമെന്ന് എം.എല്‍.എമാര്‍ക്ക് ബി.എസ്.പിയുടെ വിപ്പ്. കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താൽ അയോ​ഗ്യരാക്കുമെന്നാണ് എം.എൽ.എമാർക്ക് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ആർ ​ഗുഡ, ലഖൻ സിങ്, ദീപ് ചന്ദ്, ജെ എസ് അവാന, സന്ദീപ് കുമാർ, വാജിദ് അലി എന്നീ എം.എൽ.എമാർക്കാണ് ബി.എസ്.പി വിപ്പ് നൽകിയത്. ഇവർ നേരത്തേ കോൺഗ്രസിൽ ലയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലയനം നിയമ വിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബി.എസ്.പിയുടെ നിലപാട്. തെരഞ്ഞെടുപ്പ് കമീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.എസ്.പി പരാതിയും നൽകി. എന്നാൽ ഇക്കാര്യം തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിലപാടെടുത്തത്. ബി.എസ്.പി ദേശീയ പാർട്ടിയാണെന്നും ദേശീയ തലത്തിൽ ലയനം നടക്കാത്ത കാലത്തോളം പ്രാദേശികമായുള്ള ലയനങ്ങൾക്ക് സാധുതയില്ലെന്നും പാർട്ടി  എം.എൽ.എമാരെ അറിയിച്ചു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അയോ​ഗ്യരാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. ഇതില്‍ ആറ് എം.എല്‍.എമാര്‍ ബി.എസ്.പിയില്‍ നിന്നാണ്. 
സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇടഞ്ഞതോടെയാണ് അശോക് ​ഗെഹ്‍ലോട്ട് സർക്കാരിന്‍റെ നില പരുങ്ങലിലാണ്. ബി.എസ്.പി എം.എൽ.എമാരേയും ചേർത്ത് 102 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കോൺ​ഗ്രസിന്‍റെ അവകാശവാദം. 200 അം​ഗ സഭയിൽ ബി.ജെ.പിക്ക് 76 എം.എൽ.എമാരുണ്ട്. കുറഞ്ഞത് 25 എം.എൽ.എമാരുടെ പിന്തുണ കൂടി ഉറപ്പുവരുത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി.

Tags:    
News Summary - Vote Against Congress In Rajasthan Assembly: BSP whip To 6 MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.