നർഗീസിന്‍റെ പഠനം ഏറ്റെടുത്ത് ‘വിഷൻ2026’

ന്യൂഡൽഹി: പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് സി.ബി.എസ്.ഇ 12 ക്ലാസ് പരീക്ഷയിൽ 62 ശതമാനം മാർക്ക് നേടിയ ഡൽഹി കലാപത്തിൽ വീടും പുസ്തകവും നഷ്ടപ്പെട്ട നർഗീസ് നസീമിന്‍റെ പഠനം ഏറ്റെടുത്ത് ‘വിഷൻ2026’. കലാപത്തിൽ തകർക്കപ്പെട്ട വീട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കലാപ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പുതുക്കി പണിയുകയും ചെയ്തു.

 

ഫെബ്രുവരി 24ന്, നർഗീസിന്‍റെ ഫിസിക്കൽ എഡ്യൂക്കേഷൻ പരീക്ഷാ ദിവസമാണ് ഡൽഹി കലാപം പൊട്ടിപ്പുറപ്പെട്ടത്. ബന്ധുവിന്‍റെ സംരക്ഷണയിലാണ് അന്ന് ഖജൂരി ഖാസിലെ വീട്ടിലേക്ക് മടങ്ങിയത്. തൊട്ടടുത്ത ദിവസം കലാപകാരികൾ വീട് ആക്രമിച്ചതിനെ തുടർന്ന് കലാപം കാര്യമായി ബാധിക്കാത്ത ചന്ദു നഗറിലെ ചെറിയ വാടകമുറിയിലേക്ക് മാറി. കലാപകാരികൾ വീട് പൂർണമായി അഗ്നിക്കിരയാക്കി. നർഗീസിന്‍റെ പുസ്തകങ്ങളും ചുട്ടെരിച്ചിരുന്നു. എന്നിട്ടും നർഗീസ് നസീം സി.ബി.എസ്.ഇ 12 ക്ലാസ് പരീക്ഷയിൽ 62 ശതമാനം മാർക്ക് നേടിയത് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ‘വിഷൻ2026’ പദ്ധതിയുടെ ഭാഗമായ ‘ദ വുമൺ എഡ്യൂക്കേഷൻ ആൻഡ് എംപവർമ​െൻറ് ട്രസ്റ്റ്’ (ട്വീറ്റ്) നർഗീസിന്‍റെ തുടർ പഠനത്തിനുള്ള മുഴുവൻ ചിലവുകളും ഏറ്റെടുത്തു. ഉന്നത പഠനത്തിനാവശ്യമായ ഗൈഡൻസ്, സാമ്പത്തിക സഹായം എന്നിവ ‘വിഷൻ2026’ ഉറപ്പു വരുത്തും.

ഡൽഹി കലാപ ഇരകൾക്കായി ബഹുമുഖ പദ്ധതികളാണ് ‘വിഷൻ2026’ പദ്ധതിക്ക് കീഴിൽ നടക്കുന്നത്. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം, വിധവകൾക്ക് സാമ്പത്തിക സഹായം, കലാപത്തിൽ തകർക്കപ്പെട്ട വീടുകളും കടകളും മറ്റു സ്ഥാപനങ്ങളുമടക്കം പുനർനിർമ്മിക്കുക, കടകൾക്കും ഹോട്ടലുകൾ തുടങ്ങിയവക്കുമുളള ഫർണിച്ചറുകൾ, സ്റ്റോക്കുകൾ, ഉൽപാദക യൂനിറ്റുകൾക്ക് അസംസ്കൃത വസ്തുക്കൾ എന്നിവ നൽകുക തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Vision 2026 for Nargis Naseem-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.