ചെന്നൈ: വിരുതുനഗർ ജില്ലയിലെ കട്ടനാർപട്ടിയിലെ വനജ ഫയർ വർക്സിലുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. ഇതിൽ 21 പേർ സ്ത്രീകളാണ്. മൂന്ന് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ 16 പേർ സേർവൈക്കാരൻപട്ടി ഗ്രാമത്തിൽനിന്നുള്ളവരാണ്. നിലവിൽ 21 പേർ പരിക്കുകളോടെ വിരുതുനഗർ ജില്ല ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇതിൽ 14 പേർ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ പൊലീസ്- ഫയർഫോഴ്സ് ജീവനക്കാരാണ്.
പടക്ക നിർമാണ യൂനിറ്റുടമകളായ വിരുതുനഗർ ശങ്കരലിംഗാപുരം ഗോവിന്ദനല്ലൂർ മുത്തുമാണിക്കം(52), ഭാര്യ ഈശ്വരി(48) എന്നിവർ ഒളിവിലാണ്. ഇവർക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഭാര്യ ഈശ്വരിയുടെ പേരിലാണ് ലൈസൻസുള്ളത്. ഇവരുടെ ബന്ധുക്കളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് വകുപ്പുകൾ പ്രകാരമാണ് വച്ചക്കാരപട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരേ സമയത്ത് കൂടുതൽ അളവിൽ വെടിമരുന്ന് മിശ്രിതം മതിയായ ഉപകരണങ്ങളില്ലാതെ ശ്രദ്ധക്കുറവോടെ തയാറാക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോർട്ടിൽ(എഫ്.ഐ.ആർ) പറയുന്നത്.
ഒരേ മുറിയിൽ നിയമവിരുദ്ധമായി കൂടുതൽ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നതായും ഇതിൽ കുറ്റപ്പെടുത്തുന്നു. അതിനിടെ മധുര ഹൈകോടതി ബെഞ്ച് സ്വമേധയ കേസെടുത്തു. സ്ഫോടനത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാൻ വൈകിയതിനെ കോടതി വിമർശിച്ചു.
ചെന്നൈ: വിരുതുനഗർ പടക്കശാല സ്ഫോടനത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും ബന്ധുക്കൾ ഏറ്റുവാങ്ങാതെ പ്രതിഷേധസൂചകമായി ആശുപത്രി വളപ്പിൽ കുത്തിയിരിപ്പ് നടത്തി. പിന്നീട് ഇവർ റോഡ് തടയൽ സമരവും നടത്തി. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നടത്തിയ ശ്രമം ഉന്തുംതള്ളിലും കലാശിച്ചു. പടക്ക നിർമാണ യൂനിറ്റ് ഉടമകൾ ഉൾപ്പെടെ കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യുക, നിയമം ലംഘിച്ച് പ്രവർത്തിച്ച ഫാക്ടറിയുടെ ലൈസൻസ് റദ്ദാക്കുക, മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്.
മുഴുവൻ കുടുംബങ്ങളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. അവധി ദിനങ്ങളിൽ ജോലിക്ക് പോയാൽ കൂടുതൽ വേതനം ലഭിക്കും. സാധാരണ നിലയിൽ 500 രൂപയാണ് കൂലി കിട്ടുക. അവധി ദിനത്തിൽ 200 രൂപ കൂടുതലായി ലഭിക്കും. തെരഞ്ഞെടുപ്പ് സീസണായതിനാൽ പടക്കത്തിന് കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നതായും തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്കുശേഷം ജില്ല കലക്ടർ ഡോ. എൻ.ഒ. സുഖപുത്ര ആശുപത്രിയിലെത്തി ബന്ധുക്കളെ നേരിൽക്കണ്ട് സംസാരിച്ചു. തമിഴ്നാട് സർക്കാറിന്റെ അഞ്ച് ലക്ഷം രൂപ ഉൾപ്പെടെ മൊത്തം 9.5 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയതോടെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സമ്മതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.