കോവിഡ്​ രോഗിയുടെ മൃതദേഹം കാട്ടിൽ തള്ളുന്നുവെന്ന വിശദീകരണത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ

കോവിഡ്​ ബാധിതൻെറ മൃതദേഹം കാട്ടിൽ തള്ളുന്ന വിഡിയോ; തമിഴ്​നാട്ടിൽ വിവാദം

ചെന്നൈ: കോവിഡ്​ രോഗിയുടെ മൃതദേഹം കാട്ടിൽ തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ ചൊല്ലി തമിഴ്​നാട്ടിൽ വിവാദം. ജൂൺ 16ന് ഇരുങ്ങല്ലൂരിലെ തിരുച്ചി എസ്.ആർ.എം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹമാണ്​ കാട്ടിൽ തള്ളിയതായി ആരോപണം ഉയർന്നത്​. ഇതിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ, ആശുപത്രിയെ കരിവാരിതേക്കാൻ മനപൂർവം എഡിറ്റ്​ ചെയ്​ത വിഡിയോ ആണ്​ പ്രചരിക്കുന്നതെന്ന്​ ആശുപത്രി ഡീനും ഡെപ്യൂട്ടി ഡയറക്ടറുമായ എൻ. ബാലസുബ്രഹ്മണ്യൻ ആരോപിച്ചു. ഇക്കാര്യത്തിൽ പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രി വാനിൻെറ പിൻവാതിലിലിലൂടെ പുറത്തെടുത്ത മൃതദേഹം മൂന്നുപേർ​ ചേർന്ന്​ കാട്ടിലേക്ക്​ ​കൊണ്ടുപോകുന്നതാണ്​ ദൃശ്യങ്ങളിലുള്ളത്​. പിപിഇ കിറ്റ്​ ധരിച്ചയാൾ "എനിക്ക് ഇതിലൂടെ നടക്കാൻ കഴിയില്ല" എന്ന് പറയു​േമ്പാൾ അത് അവിടെത്തന്നെ ഇടാൻ മറ്റൊരാൾ പറയുന്നതും കേൾക്കാം. തുടർന്ന്​ മൂന്നുപേരും മൃതദേഹം അവി​ടെ ഉപേക്ഷിച്ച് വാനിൽ കയറുന്നതാണ്​ വിഡിയോയിലുള്ളത്​.

എന്നാൽ, മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇരിങ്ങല്ലൂരിനടുത്ത് സംസ്കാരം നടന്നതെന്ന്​ എൻ. ബാലസുബ്രഹ്മണ്യൻ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയെ ആദരവോടെയാണ് കൈകാര്യം ചെയ്തതെന്നും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"സർക്കാരിന്​ ഫയൽ ചെയ്യാനായി സംസ്​കാരച്ചടങ്ങ്​ പൂർണമായും ഉദ്യോഗസ്ഥർ വീഡിയോയിൽ പകർത്തിയിരുന്നു. ഇതിൻെറ ഭാഗങ്ങൾ എഡിറ്റുചെയതാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​. പാരാമെഡിക്കൽ സ്റ്റാഫ് മാനദണ്ഡങ്ങൾ ലംഘിച്ചതായാണ്​ പ്രചരണം. ഞങ്ങളുടെ ആരോഗ്യവും സുഖസൗകര്യങ്ങളും പണയംവെച്ചാണ്​ കോവിഡ്​ രോഗികളെ പരിചരിക്കുന്നത്​. ഇത്തരം ആരോപണം ആരോഗ്യപ്രവർത്തകരെ നിരാശരാക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ്​ ജോ. ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല കലക്ടർ എസ്. ശിവരസു പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.