ബംഗളൂരു: നഗരത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് കർണാടക സർക്കാർ. 2021 മുതൽ 2023 വരെ ബംഗളൂരുവിൽ 444 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഓരോ വർഷവും കേസുകൾ വർധിച്ചുവരുന്നതായും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര വെളിപ്പെടുത്തി. ലജിസ്ലേറ്റിവ് കൗൺസിലിൽ കോൺഗ്രസ് എം.എൽ.സി നാഗരാജ് യാദവ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമുള്ള 116 കേസുകൾ 2021ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. 2022ൽ 152 കേസുകളായിരുന്നത് 2023ൽ 176 ആയി ഉയർന്നു. പീഡനക്കേസുകളുടെ കണക്ക് ഇതിലും കൂടുതലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആകെ 2,439 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ.പി.സി 354 (സ്ത്രീത്വത്തെ അപമാനിക്കുകയോ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരമുള്ള കേസുകൾ 2021ൽ 573, 2022ൽ 731, 2023ൽ 1,135 എന്നിങ്ങനെയാണ്.
മൂന്നുവർഷത്തിനിടെ ഐ.പി.സി സെക്ഷൻ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 509 (സ്ത്രീത്വത്തെ അപമാനിക്കൽ) എന്നിവ പ്രകാരം 108 കേസുകളും നഗരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
80 സ്ത്രീധന പീഡന മരണം, 2,696 സ്ത്രീധന പീഡനം, 1,698 ഗാർഹിക പീഡനം, 445 അനധികൃത മനുഷ്യ ക്കടത്ത് എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
112 എന്ന ഹെൽപ് ലൈൻ നമ്പർ സർക്കാർ നടപ്പിലാക്കിയതിനാൽ ഏഴോ എട്ടോ മിനിറ്റിനുള്ളിൽ പൊലീസിന് ഏത് സ്ഥലത്തും എത്തിച്ചേരാനാകും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കാമറകൾ സ്ഥാപിക്കാൻ നിർഭയ ഫണ്ടിന് കീഴിൽ 665 കോടി രൂപ ചെലവഴിച്ചു.
ബംഗളൂരുവിൽ മാത്രം 4500 മുതൽ 5000 വരെ കാമറകളുണ്ട്. സംസ്ഥാനത്താകെ 7500 കാമറകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.